ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച കേസില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നാല് ആഴ്ച്ച കൂടി അനുവദിച്ച് അലഹബാദ് ഹൈക്കോടതി. ഹൈക്കോടതിയിലെ ലഖ്നൗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഏപ്രില്‍ 21 ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
കര്‍ണാടകയില്‍ നിന്നുള്ള സ്വകാര്യ വ്യക്തിയാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി സമര്‍പ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകനായ എസ് വിഘ്‌നേഷ് ശിശിര്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഈ മാസം ആദ്യം രാഹുലിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്‌മണ്യന്‍ സ്വാമിയും ഡല്‍ഹി ഹൈക്കോടതിയില്‍ സമാനമായ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച നിവേദനത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. 2024 നവംബര്‍ 25നാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്. എന്നാല്‍, നിശ്ചിത സമയത്തിനുള്ളില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. കേന്ദ്രത്തിനായി ഹാജരായ അഭിഭാഷകന്‍ സമയം നീട്ടി ചോദിച്ചു. തുടര്‍ന്ന് കേന്ദ്രത്തിന് സമയം നീട്ടി നല്‍കുകയായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ചര്‍ച്ചകള്‍ വര്‍ഷങ്ങളായി നടക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ പൗരത്വ നിലയെക്കുറിച്ച് പുതിയ വിവരങ്ങള്‍ ലഭിച്ചതായി ഹര്‍ജിക്കാരനായ എസ് വിഘ്‌നേഷ് ശിശിര്‍ അവകാശപ്പെട്ടു. ഇക്കാര്യത്തില്‍ യുകെ സര്‍ക്കാരുമായി നേരിട്ട് ആശയവിനിമയം നടത്തിയതിന്റെ രഹസ്യ ഇ-മെയിലുകള്‍ തന്റെ കൈവശം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ എല്ലാ രേഖകളും കോടതിക്കു മുന്‍പാകെ ഹാജരാക്കിയിട്ടുണ്ട്. ഇന്ത്യന്‍ നിയമപ്രകാരം ഇരട്ട പൗരത്വം അനുവദനീയമല്ല. ഒരാള്‍ മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചാല്‍, ഇന്ത്യന്‍ പൗരത്വം റദ്ദാക്കപ്പെടും’ – വിഘ്‌നേഷ് ശിശിര്‍ ദേശീയ മാധ്യമങ്ങളോടു പ്രതികരിച്ചു.