30 in Thiruvananthapuram

ആരോഗ്യ മന്ത്രി കനിഞ്ഞില്ല’,ചർച്ച പരാജയം; നാളെ മുതൽ നിരാഹാര സമരമെന്ന് ആശമാർ

Posted by: TV Next March 20, 2025 No Comments

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജുമായി ഇന്ന് ആശ വർക്കർമാർ നടത്തിയ ചർച്ച പരാജയം. ഓണറേറിയം കൂട്ടണമെന്നത് അടക്കമുള്ള സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ തള്ളി. ആശമാർ യാഥാർത്ഥ്യ ബോധത്തോടെ പെരുമാറണമെന്നും ഓണറേറിയം ഒരുരൂപ പോലും കൂട്ടിനൽകാൻ സാധിക്കില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയ നാളെ മുതൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ആശ വർക്കർമാർ പ്രതികരിച്ചു.

ഓണറേറിയം വർധിപ്പിക്കണം, വിരമിച്ചതിന് ശേഷമുള്ള ആനുകൂല്യങ്ങൾ തുടങ്ങിയ ആവശ്യങ്ങളൊന്നും തന്നെ ചർച്ചക്ക് എടുക്കാൻ പോലും മന്ത്രി തയ്യാറായില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചാണ് ആരോഗ്യ മന്ത്രി സംസാരിച്ചത്. സർക്കാരിനെ തോക്കിൻ മുനയിൽ നിർത്തി 300 ശതമാനം വർധനവൊക്കെ ആവശ്യപ്പെട്ടാൽ എങ്ങനെ തരും, സർക്കാർ ഒപ്പമുണ്ട് , അടുത്ത ആഴ്ച കേന്ദ്രസർക്കാരുമായി ചർച്ച നടത്തും അതിനാൽ സമരം അവസാനിപ്പിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.

 

 

 

ആശമാരെ വെയിലത്ത് ഇരുത്തുന്നതിൽ വിഷമമുണ്ട്, അവർ പിരിഞ്ഞ് പോകണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. വിഷമം മാത്രമേ മന്ത്രിക്കുള്ളൂ, അല്ലാതെ മറ്റൊന്നും പറയാനില്ല. സമരം അവസാനിപ്പിക്കണമെന്ന് പറയാനാണ് മന്ത്രി വിളിച്ചത്. ജോലി ഭാരത്തെ കുറിച്ചും ഞങ്ങളുടെ ബുദ്ധിമുട്ടുകളെ കുറിച്ചുമെല്ലാം വാതോരാതെ മന്ത്രി സംസാരിച്ചെങ്കിലും ഒരു ആവശ്യം പോലും പരിഗണിക്കാൻ തയ്യാറായില്ല. വെറുതെ ഒരു ചർച്ച നടത്തി എന്ന് വരുത്തി തീർക്കാൻ വേണ്ടി മാത്രമാണ് വിളിച്ചത്.

ശക്തമായ സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. നിരാഹാര സമരവുമായി മുന്നോട്ട് പോകും. 11 മണിയോടെ സമരം ആരംഭിക്കും. ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ല’, ആശമാർ പറഞ്ഞു. അതേസമയം ആശാവർക്കർമാരോട് അനുഭാവപൂർവ്വമായ നിലപാടാണ് സർക്കാർ എന്നും കൈക്കൊണ്ടിട്ടുള്ളതെന്നും ഓണറേറിയം വർധപ്പിക്കണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. എന്നാൽ ആശമാർ ആവശ്യപ്പെടുന്നത് പോലെ ഒറ്റയടിക്ക് ഇരട്ടിത്തുക കൂട്ടി നൽകാൻ സർക്കാരിന് സാധിക്കില്ല. ഇക്കാര്യത്തിൽ ജനാധിപത്യപരമായ സമീപനം കൈക്കൊള്ളേണ്ടതുണ്ട്.