ചെന്നൈ: ഭാഷാവിവാദവും അതുമായി ബന്ധപ്പെട്ട പോരും മുറുകുന്നതിനിടെ ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. 2026ൽ തമിഴ്‌നാട്ടിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് പറഞ്ഞ അമിത് ഷാ ഡിഎംകെ സർക്കാരിന്റേത് അഴിമതി നിറഞ്ഞ ഭരണമാണെന്നും കുറ്റപ്പെടുത്തി. കോയമ്പത്തൂരിൽ ബിജെപി ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി കേസുകളിൽ ഡിഎംകെയുടെ എല്ലാ നേതാക്കളും ബിരുദാനന്തര ബിരുദം നേടിയവരാണ്. അവരുടെ നേതാക്കളിൽ ഒരാൾ ജോലിക്ക് വേണ്ടിയുള്ള പണമിടപാട് കേസിൽ കുടുങ്ങിയപ്പോൾ മറ്റൊരാൾ കള്ളപ്പണം വെളുപ്പിക്കലിലും അനധികൃത മണൽ ഖനനത്തിലും ഏർപ്പെട്ടിരിക്കുന്നു. മൂന്നാമനാവട്ടെ അനധികൃത സ്വത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരിടുന്നു; അമിത് ഷാ പറഞ്ഞു.
കേന്ദ്രഫണ്ട് ബിജെപിയും മോദി സർക്കാരും ചേർന്ന് തടഞ്ഞു വയ്ക്കുന്നു എന്ന ആരോപണത്തിലും അമിത് ഷാ മറുപടി നൽകി. എംകെ സ്‌റ്റാലിന്റെ പ്രസ്‌താവനയിൽ സത്യമില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഞ്ച് ലക്ഷം കോടി രൂപയാണ് മോദി സർക്കാർ തമിഴ്‌നാടിന് നൽകിയത്; ഷാ പറയുന്നു. യുപിഎ, എൻഡിഎ സർക്കാരുകളുടെ കാലത്തെ കണക്കുകൾ പരിശോധിച്ചാൽ അനീതിയുടെ കണക്കുകൾ വ്യക്തമാവുമെന്നും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. ‘കേന്ദ്രത്തിൽ നിന്ന് സംസ്ഥാനം അനീതി നേരിട്ടതായി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പലപ്പോഴും അവകാശപ്പെടുന്നത് കാണാറുണ്ട്. എന്നാൽ യുപിഎയുടെയും എൻഡിഎയുടെയും കാലത്ത് വിതരണം ചെയ്‌ത ഫണ്ടുകളുടെ താരതമ്യം ചെയ്യുമ്പോൾ യുപിഎ ഭരണകാലത്താണ് യഥാർത്ഥ അനീതി സംഭവിച്ചതെന്ന് വെളിപ്പെടുന്നു’; അമിത് ഷാ പറഞ്ഞു. സമൂഹത്തിലെ എല്ലാ അഴിമതിക്കാരെയും മെഗാ അംഗത്വ പരിപാടി വഴി ഡിഎംകെയിൽ ചേരാൻ അനുവദിച്ചതുപോലെ ചിലപ്പോഴൊക്കെ തോന്നാറുണ്ട്. യഥാർത്ഥ ആശങ്കകളിൽ നിന്ന് വ്യതിചലിക്കാൻ എംകെ സ്‌റ്റാലിനും മറ്റ് വിഷയങ്ങൾ ഉന്നയിക്കുകയാണ്. മണ്ഡല പുനർ നിർണയത്തിന് ശേഷവും ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെയും സീറ്റുകൾ കുറയില്ലെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിട്ടുണ്ട്; മുതിർന്ന ബിജെപി നേതാവ് വ്യക്തമാക്കി.
2026ൽ ബിജെപി തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കും. സംസ്ഥാനത്ത് സ്വജനപക്ഷപാതവും അഴിമതിയും അവസാനിപ്പിക്കുമെന്നും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ നീക്കം ചെയ്യുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ദേശീയ ജനാധിപത്യ മുന്നണിയുടെ സർക്കാരിന് വേണ്ടി കാത്തിരുന്നോളൂ എന്നും അമിത് ഷാ സൂചിപ്പിച്ചു.
ആ പുതിയ സർക്കാർ തമിഴ്‌നാടിന് ഒരു പുതിയ യുഗത്തിന് തുടക്കമിടും. സംസ്ഥാനത്തെ സ്വജനപക്ഷപാതം അവസാനിപ്പിക്കും. തമിഴ്‌നാട്ടിൽ അഴിമതി തുടച്ചുനീക്കും. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ തമിഴ്‌നാട്ടിൽ നിന്ന് നീക്കം ചെയ്യാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഇതോടെ തമിഴ്‌നാട്-കേന്ദ്ര ഭിന്നത മറ്റൊരു തലത്തിലേക്ക് ഉയരുകയാണ്.