തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ ദുരൂഹത നീക്കാന്‍ പൊലീസ്. പ്രതി അഫാന്റേയും ഉമ്മ ഷെമിയുടേയും ഫോണുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. അഫാന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയും പരിശോധിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് അന്വേഷണ സംഘം സൈബര്‍ പൊലീസിന് കത്ത് നല്‍കി. കൂട്ട ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നു എന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞിരുന്നു.
ഇതിനുള്ള മാര്‍ഗങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞിരുന്നു എന്നാണ് മൊഴിയിലുള്ളത്. അഫാന്റേയും ഷെമിയുടേയും മൊബൈല്‍ ഫോണുകള്‍ കൈമാറിയിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തതിന്റെ തെളിവുകള്‍ ഫോണില്‍ നിന്ന് ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ട് തന്നെയാണ് പ്രതി ആക്രമണങ്ങള്‍ നടത്തിയത് എന്നാണ് പൊലീസ് അനുമാനം.
ഓരോ ആക്രമണങ്ങള്‍ക്ക് ശേഷവും ജീവന്‍ പോയി എന്ന് ഉറപ്പുവരുത്തി എന്നും പെട്ടെന്നുള്ള പ്രകോപനമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചത് എങ്കിലും അതിലും ആസൂത്രണമുണ്ടായിരിക്കാം എന്നാണ് വിലയിരുത്തല്‍. കൊലപാതക സമയത്ത് അഫാന്റെ കൈയില്‍ ഉണ്ടായിരുന്ന ഫോണ്‍ വിശദമായി പരിശോധിക്കും. ആക്രമണങ്ങള്‍ നടത്തുന്ന സമയത്ത് അഫാന്റെ കൈയില്‍ ഉണ്ടായിരുന്നത് ഷെമിയുടെ ഫോണായിരുന്നു. Recommended For You
കൊലപാതകത്തിനായി നേരത്തെ തന്നെ ഒരുങ്ങിയിരുന്നോ എന്നതടക്കമുള്ള വിവരങ്ങള്‍ ഫോണില്‍ നിന്ന് ശേഖരിക്കാമെന്ന് പൊലീസിന്റെ പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധി എന്ന പ്രതിയുടെ വാദത്തെ സാധൂകരിക്കുന്ന വിവരങ്ങളും ഫോണില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. അഫാന്‍ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടര്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ.
അഞ്ച് പേരെയും കൊന്നത് ചുറ്റിക കൊണ്ട് അടിച്ചാണ് എന്നാണ് വിലയിരുത്തല്‍. കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെമിക്കും തലയില്‍ അടിയേറ്റ ക്ഷതം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. പിതൃസഹോദരന്‍ ലത്തീഫിന് 20 ഓളം അടികൊണ്ടതായാണ് റിപ്പോര്‍ട്ട്. മാല പണയം വച്ച് പണം വാങ്ങിയെന്ന് അഫാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വെഞ്ഞാറമൂട്ടിലെ പണമിടപാട് സ്ഥാപനത്തില്‍ ആണ് അഫാന്‍ ഇത് സംബന്ധിച്ച ഇടപാട് നടത്തിയത്.
അനുജന്‍ അഫ്‌സാന്റെ മൃതദേഹം കിടന്ന സ്ഥലത്ത് 500 രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയിരുന്നു. അതേസമയം അന്വേഷണച്ചുമതലയുള്ള പ്രത്യേക സംഘത്തെ വിപുലീകരിക്കാനും നീക്കം നടക്കുന്നുണ്ട്. സംഘത്തില്‍ കൂടുതല്‍ സിഐമാരെ ഉള്‍പ്പെടുത്തിയേക്കും. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അതേസമയം കൊല്ലപ്പെട്ട അഞ്ച് പേരുടേയും മൃതദേഹം ഇന്നലെ സംസ്‌കരിച്ചു.