25 in Thiruvananthapuram

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒളിമ്പ്യൻ കെഎം ബീനാമോളുടെ സഹോദരി അടക്കം 3 പേർ മരിച്ചു

Posted by: TV Next February 22, 2025 No Comments

തൊടുപുഴ: ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ് (55), ഭാര്യ റീന (48), വാഹനം ഓടിച്ചിരുന്ന എബ്രഹാം (50) എന്നിവരാണ് മരിച്ചത്. ഇതിൽ ബോസും ഭാര്യയും അപകടത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു.

എബ്രഹാമിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ കഴിയവേ പുലർച്ചയോടെ മരണപ്പെടുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. മരണപ്പെട്ട റീന ഒളിമ്പ്യൻ കെഎം ബീനാമോളുടെ സഹോദരി കൂടിയാണ്. ബീനയുടെ സഹോദരൻ കെഎം ബിനുവിന്റെ ഭാര്യാ പിതാവാണ് എബ്രഹാം. അദ്ദേഹമാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്.

പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യ റീനയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയായിരുന്നു ഇവർ. തിരിച്ചുള്ള യാത്രയിൽ പന്നിയാർകുട്ടി പള്ളിക്കു സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. വീഴ്‌ചയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്ന നിലയിലായിരുന്നു. കുത്തനെയുള്ള ഇറക്കവും വീതി കുറഞ്ഞ റോഡുമാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ ശബ്‌ദം കേട്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ നാട്ടുകാർ അറിയിച്ചത് അനുസരിച്ചെത്തിയ പോലീസും ഫയർ ഫോഴ്‌സും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

തുടർന്ന് നാട്ടുകാരും പോലീസും ഫയർ ഫോഴ്‌സും ചേർന്ന് മൂവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. നിർഭാഗ്യവശാൽ റീനയും ബോസും യാത്രാ മധ്യേ തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. എബ്രഹാമിനെ ചികിത്സയിൽ പ്രവേശിപ്പിച്ചെങ്കിലും സകല പ്രതീക്ഷകളും വിഫലമാക്കി കൊണ്ട് പുലർച്ചെയോടെ അദ്ദേഹവും മരണത്തിന് കീഴടങ്ങുകയായിരുന്നു.

മൃതദേഹങ്ങൾ നിലവിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതിനിടെ ജില്ലയിൽ മറ്റൊരു അപകട മരണം കൂടി ഉണ്ടായിട്ടുണ്ട്. കട്ടപ്പനക്ക് സമീപം കരിമ്പാനിപ്പടിയിൽ നടന്ന വാഹനാപകടത്തിലാണ് ഒരാൾ മരിച്ചത്. വള്ളക്കടവ് തണ്ണിപ്പാറ റോബിൻ ജോസഫാണ് മരിച്ചത്. കാർ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറിൽ ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.