ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് 487 ഇന്ത്യന്‍ പൗരന്‍മാര്‍ കൂടി നാട്ടിലെത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 487 പേരെ കൂടി തിരിച്ചയയ്ക്കാനുള്ള ഉത്തരവുകള്‍ ഉണ്ട് എന്നാണ് യുഎസ് അധികൃതര്‍ അറിയിച്ചിരിക്കുന്നത് എന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ബുധനാഴ്ച സി-17 സൈനിക വിമാനത്തില്‍ 104 ഇന്ത്യക്കാരെ കൈകള്‍ ബന്ധിച്ച് യുഎസ് അയച്ചിരുന്നു. ഇത് വലിയ വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവവികാസം.
‘യുഎസ് നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം കുടിയേറ്റക്കാരെ അവര്‍ പറഞ്ഞയയ്ക്കുകയാണ്. കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ചില വിവരങ്ങള്‍ ഉണ്ട്. ഞങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുള്ള അത്തരം ഡാറ്റകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്’ മിസ്രി പറഞ്ഞു. അമൃത്സറില്‍ ആണ് 104 ഇന്ത്യക്കാരുമായി യുഎസ് സൈനിത വിമാനം ലാന്‍ഡ് ചെയ്തത്.
അനധികൃത മാര്‍ഗങ്ങളിലൂടെ അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച നാടുകടത്തപ്പെട്ടവരെയാണ് ട്രംപ് ഭരണകൂടം പറഞ്ഞയച്ചത്. ഇവരെ കൈകള്‍ ബന്ധിച്ചാണ് വിമാനത്തിലിരുത്തിയിരുന്നത്. ഇന്ത്യയിലെത്തുമ്പോള്‍ മാത്രമേ മോചിപ്പിക്കാവൂ എന്ന നിര്‍ദേശത്തോടെയായിരുന്നു നാടുകടത്തല്‍. ഇന്ത്യക്കാരെ നാടുകടത്താന്‍ യു എസ് സൈനിക വിമാനം ഉപയോഗിച്ചത് രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ഈ നാടുകടത്തല്‍ മുമ്പത്തെ വിമാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറച്ച് വ്യത്യസ്തമാണ്. യുഎസ് സംവിധാനത്തില്‍ തന്നെ ഇതിനെ ദേശീയ സുരക്ഷാ ഓപ്പറേഷന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.’ മിസ്രി പറഞ്ഞു. അതേസമയം നാടുകടത്തലും അത് നടപ്പാക്കിയ രീതിയും ചോദ്യം ചെയ്യാന്‍ കേന്ദ്രം എന്തുകൊണ്ട് ഇടപെട്ടില്ല എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. അമേരിക്കയ്ക്ക് മുന്നില്‍ ഇന്ത്യയുടെ അഭിമാനം മോദി സര്‍ക്കാര്‍ അടിയറവ് വെച്ചു എന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിസന്ധി മേഖലകളില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മുമ്പ് പ്രത്യേക വിമാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അന്താരാഷ്ട്ര ബാധ്യതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം തങ്ങളുടെ നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്.