22 in Thiruvananthapuram

സ്വര്‍ണം ഭൂമിക്കടിയില്‍, തുളുമ്പി ക്രൂഡ് ഓയിലും!! അമേരിക്ക ‘സൗദി അറേബ്യ’ ആയത് ഇങ്ങനെ

Posted by: TV Next January 15, 2025 No Comments

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ കാനഡ സ്വന്തമാക്കുന്ന രീതിയില്‍ സംസാരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഗ്രീന്‍ലാന്റും പാനമ കനാലും നിയന്ത്രണത്തിലാക്കാനും ട്രംപ് ആലോചിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ സംസാരത്തില്‍ വ്യക്തം. കാനഡയോട് അമേരിക്കയില്‍ ലയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ട്രംപ്. അമേരിക്കയുടെ 51ാം സംസ്ഥാനമായിക്കോളൂ എന്നായിരുന്നു ട്രംപിന്റെ അഭിപ്രായപ്രകടനം.

ഒരു പ്രധാന രാജ്യത്തിന്റെ പ്രസിഡന്റിന് ഇങ്ങനെ പറയാന്‍ സാധിക്കുമോ എന്നാണ് പലരും ആശ്ചര്യപ്പെട്ടത്. ട്രംപ് വിഡ്ഡിത്തം പുലമ്പുന്നു എന്ന് വിമര്‍ശിച്ചവരുമുണ്ട്. എന്നാല്‍ ഇന്ന് കാണുന്ന അമേരിക്കന്‍ സമ്പത്തിന് പിന്നില്‍ സാനമായ ഒരു ഭൂമി ഇടപാട് നടന്ന ചരിത്രമുണ്ട്. സൗദി അറേബ്യയ്ക്കും യുഎഇക്കുമൊപ്പം ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ അമേരിക്കയുടെ സ്ഥാനം ഉറപ്പിച്ചതും 1867ലെ ആ ഇടപാടായിരുന്നു. കഥ പറയാം…

റഷ്യയ്ക്കും അലാസ്‌ക്കക്കുമിടയില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരമുണ്ട് എന്നതായിരുന്നു പ്രധാന വെല്ലുവിളി. വിദൂരത്തിലുള്ള ഭൂപ്രദേശത്തെ നിയന്ത്രിക്കുന്നതില്‍ റഷ്യന്‍ ഭരണകൂടം വലിയ പ്രതിസന്ധി നേരിട്ടു. കടല്‍നായകളെ വേട്ടയാടുന്നത് കൂടിയതോടെ അവയുടെ എണ്ണം ഗണ്യമായി കുറയുകയും രോമക്കുപ്പായ വ്യാപാരം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ക്രിമിയന്‍ യുദ്ധം കാരണം റഷ്യന്‍ സാമ്പത്തിക രംഗം തകരുകയുമുണ്ടായി.

വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്തതോടെ അലാസ്‌ക വില്‍ക്കാന്‍ റഷ്യ തീരുമാനിച്ചു. കാനഡയുടെ നിയന്ത്രണമുണ്ടായിരുന്ന ബ്രിട്ടന്‍ അലാസ്‌ക കൂടി പിടിച്ചെടുക്കാനുള്ള സാധ്യതയും റഷ്യ മുന്‍കൂട്ടി കണ്ടു. ഈ സാഹചര്യത്തില്‍ കൂടിയാണ് അമേരിക്കക്ക് അലാസ്‌ക വില്‍ക്കാമെന്ന തീരുമാനത്തില്‍ റഷ്യ എത്തിയത്. 1867 മാര്‍ച്ച് 30ന് വിദേശകാര്യ സെക്രട്ടറി വില്യം എച്ച് സേവാര്‍ഡിന്റെ നേതൃത്വത്തില്‍ അലാസ്‌ക അമേരിക്ക വാങ്ങി. 72 ലക്ഷം ഡോളറിനായിരുന്നു ഇടപാട്.

പിന്നീടാണ് വലിയ വിഡ്ഡിത്തം ചെയ്തുവെന്ന തോന്നല്‍ റഷ്യയ്ക്കുണ്ടായത്. 1896ല്‍ അലാസ്‌കയില്‍ കൂറ്റന്‍ സ്വര്‍ണ ശേഖരം ഭൂമിക്കടിയില്‍ കണ്ടെത്തി. ഇതോടെ ആഗോള വ്യാപാരികളുടെ ശ്രദ്ധയില്‍ അലാസ്‌കയും വന്നു. തൊട്ടുപിന്നാലെ ക്രൂഡ് ഓയില്‍ അലാസ്‌കയിലുണ്ടെന്ന് കണ്ടെത്തി. പ്രകൃതി വാതകവും. അലാസ്‌കയുടെ മൂല്യം വന്‍തോതില്‍ ഉയര്‍ന്നു. അമേരിക്ക ലോക രാജ്യങ്ങളുടെ നായക സ്ഥാനത്ത് എത്തുകയും ചെയ്തു.

അമേരിക്കന്‍ സമ്പത്തിന്റെ കേന്ദ്രങ്ങളിലൊന്നായി പിന്നീട് അലാസ്‌ക മാറി. രാജ്യത്തെ പ്രധാന എണ്ണ-വാതക ശേഖരമുള്ള പ്രദേശങ്ങളില്‍ ഒന്ന് അലാസ്‌കയായി. അലാസ്‌ക വില്‍ക്കേണ്ടതില്ലായിരുന്നു എന്ന് പിന്നീട് റഷ്യന്‍ ഭരണകൂടത്തിന് തോന്നിയിരിക്കാം. നിയന്ത്രണത്തിലാക്കാന്‍ സാധിക്കാത്തതില്‍ ബ്രിട്ടനും പരിതപിച്ചിരിക്കാം. ഇന്ന് ലോകത്തെ പ്രധാന എണ്ണ രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയും ഇടംപിടിക്കാന്‍ ഒരു കാരണം അലാസ്‌കയാണ്.