റിയാദ്: ഇന്ത്യന്‍ തൊഴിലാളികള്‍ക്കായുള്ള നിയമങ്ങളില്‍ സമൂലമായ മാറ്റങ്ങളുമായി സൗദി അറേബ്യ. എല്ലാ തരത്തിലുമുള്ള തൊഴില്‍ വിസ അപേക്ഷകള്‍ക്കും പ്രൊഫഷണൽ, അക്കാദമിക് യോഗ്യതകൾ മുൻകൂട്ടി പരിശോധിക്കണം എന്നത് അടക്കമുള്ള പരിഷ്കരണങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ നിയമം. ആറ് മാസത്തിന് മുമ്പ് നിർദേശിച്ച നിയമം ജനുവരി 14 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സൗദി അറേബ്യയിലേക്ക് തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്ന മലയാളികള്‍ അടക്കമുള്ള പ്രൊഫഷണൽ, അക്കാദമിക് യോഗ്യതകൾ തെളിയിക്കേണ്ടി വരും.
ഇന്ത്യൻ തൊഴിലാളികളുടെ ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കുന്നതിനായി പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചെങ്കിലും ഇവയുടെ എണ്ണം വളരെയധികം കുറവാണ്. ഈ സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്കുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ വരവില്‍ തുടക്കത്തിലെങ്കിലും വലിയ തോതില്‍ ഇടിവുണ്ടായേക്കും. രാജ്യത്തെ പ്രൊഫഷണലുടെ ഗുണനിലവാരം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യ പുതിയ നിയമം നടപ്പിലാക്കുന്നത്. ഓരോ ഘട്ടങ്ങളിലായി ഒരോ രാജ്യങ്ങള്‍ക്കായിട്ടായിരിക്കും പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വരും.
സ്ത്രീകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ തൊഴിലാളികൾ സൗദി അറേബ്യയുടെ തൊഴിൽ വിപണിയുടെ നിർണായക ഭാഗമായി തുടരുകയും ഇന്ത്യയുടെ വിദേശ നാണ്യ വരുമാനത്തില്‍ വലിയ പിന്തുണ നല്‍കുകയും ചെയ്യുന്നു. ഇന്ത്യയിലെ സൗദി എംമ്പസി പുറത്തിറക്കിയ സർക്കുലർ പ്രകാരം, “തൊഴിൽ വിസകൾ നൽകുന്നതിനുള്ള പ്രൊഫഷണൽ വെരിഫിക്കേഷൻ നടപടിക്രമങ്ങൾ ജനുവരി 14 മുതൽ നടപ്പിലാക്കും.” ഈ സാഹചര്യത്തില്‍ തൊഴിൽ വിസകൾ നൽകുന്നതിനുള്ള നിർബന്ധിത ആവശ്യകതകളിലൊന്നായി പ്രൊഫഷണൽ ടെസ്റ്റ് മാറും.
വിഷൻ 2030 ൻ്റെ ഭാഗമായി കൂടുതൽ സ്വന്തം പൗരന്മാരെ തൊഴിൽ രംഗത്ത് നിയമിക്കാന്‍ സൗദി അറേബ്യ ശ്രമം തുടങ്ങിയിട്ട് നാളുകളായി. ഈ സാഹചര്യത്തിലാണ് വിദേശ തൊഴിലാളികള്‍ക്ക് കർശനമായ വ്യവസ്ഥകളോടൊപ്പം തന്നെ ഗുണനിലവാരം ഉറപ്പ് വരുത്താനുള്ള തീരുമാനവും സൗദി അറേബ്യ സ്വീകരിച്ചിരിക്കുന്നത്. മതിയായ യോഗ്യതയല്ലാത്തെ രാജ്യത്തേക്ക് വിദേശത്ത് നിന്നും ആളുകള്‍ എത്തുന്നതായി നേരത്തെ കണ്ടെത്തിയിട്ടുമുണ്ട്. പ്രവാസി ജീവനക്കാർ നൽകുന്ന സർട്ടിഫിക്കറ്റുകളും വിവരങ്ങളും പരിശോധിക്കാൻ വിസ അനുവദിക്കുന്ന സ്ഥാപനത്തിന്റെ ഉടമകളെയും എച്ച്ആർ വകുപ്പുകളെയും ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിലൂടെ റിക്രൂട്ട്‌മെൻ്റ് കാര്യക്ഷമമാക്കുകയും രാജ്യത്തെ തൊഴിലാളികളുടെ ഗുണനിലവാരം ഉയർത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
യോഗ്യത ടെസ്റ്റ് കർശനമാക്കുമ്പോഴും അപേക്ഷകർക്ക് പരിശോധന നടത്താൻ മതിയായ ടെസ്റ്റ്കേന്ദ്രങ്ങളില്ലെന്ന പരാതിയും വ്യാപകമാണ്. കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപി ഹരിസ് ബീരാന്‍ അടക്കമുള്ള നേതാക്കള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ‘കാർ ഡ്രൈവർമാർക്കുള്ള ടെസ്റ്റ് സെൻ്ററുകൾ രാജസ്ഥാനിലെ അജ്മീറിലും സിക്കറിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇതോടെ അപേക്ഷകർ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ നിന്നുള്ളവർ ടെസ്റ്റ് നടത്താനായി ഇവിടേക്ക് വരാന്‍ വളരെയധികം ബുദ്ധിമുട്ട് നേരിടേണ്ടി വരും’ ഹാരിസ് ബീരാനെ ഉദ്ധരിച്ച ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.