കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി 11.30 ഓടെ ബോബിയുടെ വൈദ്യുത പരിശോധന പൂർത്തിയാക്കിയിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ബോബിയെ തിരികെ സെൻട്രൽ സ്റ്റേഷനിലേക്ക് തന്നെ എത്തിച്ചു. ഇന്ന് രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കും വയനാട്ടിൽ നിന്നാണ് ബോബിയെ കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രി ഏഴോടെ കൊച്ചിയിലെത്തിച്ചു.
ചൊവ്വാഴ്ചയായിരുന്നു ഹണി റോസ് ബോബിക്കെതിരെ പരാതി നൽകിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബോബിയുടെ ജ്വല്ലറിയുടെ ഉദ്ഘാടന സമയത്ത് ശരീരത്തിൽ സ്പർശിച്ചും ദ്വയാർത്ഥ പ്രയോഗങ്ങൽ നടത്തിയുമാണ് ബോബി ഉപദ്രവം തുടങ്ങിയതെന്ന് ഹണി പറഞ്ഞു. ഒരു ജിമ്മിന്റെ ഉദ്ഘാടന സമയത്തും ദ്വയാർത്ഥ പ്രയോഗം ആവർത്തിച്ചു. അതിന് ശേഷം പല അഭിമുഖങ്ങളിലും തനിക്ക് നേരെ നടത്തിയ ലൈഗിക അധിക്ഷേപങ്ങൾ അടക്കമാണ് ഹണി റോസ് പരാതി നൽകിയത്.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. മേപ്പാടിയിലെ 1000 എക്കർ എന്ന തേയില എസ്റ്റേറ്റിലെ റിസോർട്ടിസ്‍ ബോബി ഉണ്ടെന്ന് മനസ്സിലായതോടെ രാത്രിയോടെ എറണാകുളം സെൻട്രൽ പോലീസിൽ നിന്നുള്ള സംഘം ഇവിടേക്കി പോയി. വിവരം അറിയിച്ചത് വയനാട് എസ് പി തപോഷ് ബസുമതാരിയെ മാത്രമാണ്. അപ്പോഴേക്കും കോയമ്പത്തൂരിലെ നവീകരിച്ച ജ്വല്ലറി ഷോറുമിന്റെ ഉദ്ഘാടനത്തിന് ബോബി പോകുന്ന വിവരം പോലീസ് മനസ്സിലാക്കി.
എസ്റ്റേറ്റിലേക്കുള്ള വഴിയിൽ പോലീസ് കാത്തുനിന്നും. രാവിലെ ഏഴരയോടെ രണ്ട് വാഹനങ്ങളിലായി പുറത്ത് വന്ന ബോബിയെയും സംഘത്തെയും പോലീസ് തടഞ്ഞു. ബോബിയെ പോലീസ് പുത്തൂർവയലിലെ എ ആർ ക്യാംപിലേക്ക് കാെണ്ടുപോയി. അവിടെ വെച്ച് ഒന്നര മണിക്കൂറോളം പ്രാഥമികമായി ചോദ്യം ചെയ്തു. 9 മണിയോടെ കൊച്ചിയിലേക്ക് പുറപ്പെട്ടു. രാത്രി ഏഴോടെ എത്തി.