ഡിസംബർ, ജനവരി മാസങ്ങളിൽ കഠിനമായ തണുപ്പാണ് പൊതുവെ ബെംഗളൂരുവിൽ ഉണ്ടാകാറുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി നഗരത്തിൽ അതികഠിനമായി ശൈത്യം അനുഭവപ്പെടാറില്ല. ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. നഗരം അതിശൈത്യത്തിലേക്ക് നീങ്ങുമെന്നാണ് കാലവസ്ഥ പ്രവചനം. വരും ദിവസങ്ങൾ താപനില കുറയും .
ശനിയാഴ്ച നഗരത്തിലെ കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും. ചിലയിടങ്ങളിൽ താപനില 10 ഡിഗ്രി വരെ തൊട്ടു. ഇന്ന് (ഞായറാഴ്ച) അതികഠിന തണുപ്പിനുള്ള സാധ്യതയാണ് വകുപ്പ് പ്രവചിക്കുന്നത്. ഇന്നും നാളെയും മിതമായ കോടമഞ്ഞ് ഉണ്ടാകും. കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസ് ആകുമെന്നും വകുപ്പ് പ്രവചിക്കുന്നു.
സാധാരണ നിലയിൽ ജനവരിയിൽ നഗരത്തിലെ താപനില ശരാശരി 15.8 ഡിഗ്രി വരെയാണ് രേഖപ്പെടുത്താറുള്ളത്. ഈ കണക്കുകൾ വെച്ച് നോക്കുമ്പോൾ കഠിനമായ തണുപ്പിലൂടെയാണ് നഗരം കടന്ന് പോകുന്നത്. ബെംഗളൂരു നഗരത്തിൽ റെക്കോഡ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 1884 ജനവരി നാലിനാണ്. അന്ന് 7.8 ഡിഗ്രിയയാിരുന്നു താപനില. ഉത്തരേന്ത്യയി ആഞ്ഞടിക്കുന്ന ശൈത്യത്തിന്റെ തുടർച്ച തന്നെയാണ് ഇക്കുറി ബെംഗളൂരുവിലും പ്രകടമാകുന്നത്. ശൈത്യതരംഗം ഇല്ലെങ്കിലും കർണാടകയുടെ വിവിധ മേഖലകളിൽ കടുത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്. അടുത്ത ദിവസങ്ങളും സമാനമായിരിക്കും കാലാവസ്ഥ എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
വടക്കൻ കർണാടകയിലെ ബിദാർ, കലബുർഗി, വിജയപുര ജില്ലകളിൽ അടുത്ത 2 ദിവസങ്ങളിൽ കഠിനമായ തണുപ്പ് അനുഭവപ്പെട്ടേക്കാം. തീരദേശ കർണാടകയിലും തെക്കൻ ഉൾപ്രദേശങ്ങളിലും കുറഞ്ഞ താപനിലയിൽ വലിയ മാറ്റം ഉണ്ടായേക്കില്ല. അതേസമയം നഗരത്തിൽ അതിരാവിലെ മൂടൽ മഞ്ഞിന് സാധ്യത പ്രവചിക്കുന്നുണ്ട്. ഇത് കാഴ്ചയെ മറക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ അതിരാവിലെയുള്ള യാത്രകളിൽ ജാഗ്രത പുലർത്തണമെന്നും കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതിനിടെ ഉത്തരേന്ത്യ അതിശൈത്യത്തിലൂടെയാണ് കടന്ന് പോകുന്നത്. ജമ്മു, ഹിമാചൽ അടക്കമുള്ള മേഖലകളിൽ കനത്ത മഞ്ഞ് വീഴ്ച തുടരുന്നുണ്ട്. ചിലയിടങ്ങളിൽ മഞ്ഞ് വീഴ്ച മൂലം മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. അതിനാൽ ഉത്തരേന്ത്യയിലേക്കുള്ള യാത്രകൾ താത്കാലികമായി മാറ്റി വെയ്ക്കണമെന്ന മുന്നറിയിപ്പാണ് ചില ടൂർ ഏജൻസികൾ നൽകുന്നത്.