28 in Thiruvananthapuram

ബിജെപി എംഎല്‍എയുടെ പട്ടാഭിഷേകം അംഗീകരിച്ചില്ല; സിറ്റി പാലസിന് മുന്നില്‍ സംഘര്‍ഷം ..

Posted by: TV Next November 26, 2024 No Comments

ജയ്പൂര്‍: ബി ജെ പി എം എല്‍ എ വിശ്വരാജ് സിംഗിനും അനുയായികള്‍ക്കും സിറ്റി പാലസിലേക്ക് പ്രവേശനം നിഷേധിച്ചതിന് പിന്നാലെ സംഘര്‍ഷം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വിശ്വരാജ് സിംഗിന്റെ ചെറിയച്ഛനായ അരവിന്ദ് സിംഗ് മേവാര്‍ ആണ് സിറ്റി പാലസിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് എം എല്‍ എയെ വിലക്കിയത്. ഈ മാസമാദ്യം പിതാവ് മഹേന്ദ്ര സിംഗ് മേവാറിന്റെ മരണത്തെ ത്തുടര്‍ന്ന് ചിറ്റോര്‍ഗഡ് കോട്ടയിലെ പഴയ രാജകുടുംബത്തിന്റെ തലവനായി വിശ്വരാജ് സിംഗ് അഭിഷേകം ചെയ്യപ്പെട്ടിരുന്നു.

 

എന്നാല്‍ മഹേന്ദ്ര സിംഗ് മേവാറും ഇളയ സഹോദരന്‍ അരവിന്ദ് സിംഗ് മേവാറും തമ്മിലുള്ള വൈരാഗ്യം കിരീടധാരണ ചടങ്ങിന് മങ്ങലേല്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവവും. പട്ടാഭിഷേക ചടങ്ങുകള്‍ക്ക് ശേഷം വിശ്വരാജ് സിംഗ് ആചാരങ്ങളുടെ ഭാഗമായി ഉദയ്പൂരിലെ കുലദൈവത്തിന്റെ ഏകലിംഗ്‌നാഥ് ക്ഷേത്രത്തിലേക്കും സിറ്റി പാലസിലേക്കും പോയതോടെയാണ് തര്‍ക്കം ആരംഭിച്ചത്.

 

ഇവിടെ വെച്ച് അരവിന്ദ് സിംഗ് മേവാര്‍ അദ്ദേഹത്തെ തടഞ്ഞു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിക്കുകയും വിശ്വരാജ് സിംഗിന്റെ അനുയായികള്‍ കൊട്ടാരത്തിന്റെ കവാടത്തിലേക്ക് ഇരച്ചു കയറാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ കല്ലേറുമുണ്ടായി. ഉദയ്പൂരിലെ ശ്രീ എക്ലിംഗ്ജി ട്രസ്റ്റിന്റെ ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ അരവിന്ദ് സിംഗിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രവും കൊട്ടാരവും.

ഞായറാഴ്ച, സിറ്റി പാലസ് മാനേജിംഗ് ട്രസ്റ്റ് വിശ്വരാജ് സിംഗ് ട്രസ്റ്റില്‍ അംഗമല്ലെന്നും സുരക്ഷാ കാരണങ്ങളാല്‍ അനധികൃത വ്യക്തികളെ തിങ്കളാഴ്ച കൊട്ടാരം മ്യൂസിയത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ക്രമസമാധാന പ്രശ്നം മുന്‍കൂട്ടി കണ്ട് പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും സിറ്റി പാലസിന്റെ പുറത്തും സമീപ പ്രദേശങ്ങളിലും കനത്ത പോലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വിശ്വരാജ് സിംഗിന് കൊട്ടാരത്തില്‍ പ്രവേശനം നിഷേധിച്ചപ്പോള്‍ രോഷാകുലരായ അദ്ദേഹത്തിന്റെ അനുയായികള്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിലേക്ക് ഇരച്ചെത്തുകയായിരുന്നു. അതേസമയം രാജകീയ ആചാരങ്ങള്‍ തടയുന്നത് അന്യായമാണെന്ന് വിശ്വരാജ് സിംഗ് പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തിയിരുന്നു.

അതേസമയം ഉദയ്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് അരവിന്ദ് പോസ്വാളും എസ്പി യോഗേഷ് ഗോയലും വിശ്വരാജ് സിംഗിനോടും അനുയായികളോടും സംസാരിച്ച് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. അരവിന്ദ് സിംഗിന്റെ മകനുമായും ഉദ്യോഗസ്ഥര്‍ സംസാരിച്ചിരുന്നു.