തൃശ്ശൂര്‍: തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേര്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ നാട്ടികയില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. റോഡരികില്‍ ഉറങ്ങിക്കിടന്ന നാടോടിസംഘത്തിന് മേലാണ് ലോറി പാഞ്ഞുകയറിയത്. മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്.
കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവര്‍. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടിക ജെകെ തിയ്യേറ്ററിനടുത്തായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. സംഭവ സ്ഥലത്ത് വെച്ചു തന്നെ അഞ്ച് പേരും മരിച്ചു എന്നാണ് റിപ്പോര്‍ട്ട്.
റോഡരികില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നതായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീട് ക്ലീനറാണ് വാഹനമോടിച്ചിരുന്നത് എന്ന് വ്യക്തമായി. ഇയാള്‍ മദ്യപിച്ചിരുന്നു എന്നും പൊലീസ് പറയുന്നു. ക്ലീനര്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നു എന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ക്ലീനറായ കണ്ണൂര്‍ ആലങ്കോട് സ്വദേശി അലക്‌സിനേയും ഡ്രൈവറായ ജോസിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി