വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഇതിന്റെ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്.
വീഡിയോയില്‍ പ്രിയങ്ക ഗാന്ധി തന്റെ വാഹനത്തില്‍ നിന്ന് ജനക്കൂട്ടത്തിന് നേരെ കൈവീശി കാണിക്കുകയും അനുയായികള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നത് വ്യക്തമാണ്. ഇതിനിടെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിയങ്കയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തകനെ മാറ്റി നിര്‍ത്തി രംഗം ശാന്തമാക്കുകയായിരുന്നു.
വയനാട് ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശമാണ് നാളെ. അതിനാല്‍ തന്നെ അവസാന ലാപ്പിലാണ് പ്രചരണം. ഇന്ന് പ്രസിദ്ധമായ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കൊണ്ടാണ് തന്റെ പ്രചരണം ആരംഭിച്ചത്. രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഭാഗമായുള്ള പാപനാശിനി നദിയില്‍ ആണ് നിമജ്ജനം ചെയ്തിരിക്കുന്നത്.
ക്ഷേത്രം മേല്‍ശാന്തി ഇ എന്‍ കൃഷ്ണന്‍ നമ്പൂതിരി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി പ്രസാദം നല്‍കി. മണ്ഡലത്തില്‍ റോഡ്‌ഷോ നടത്തിയ പ്രിയങ്ക പിന്നീട് ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള പുരോഹിതരേയും മറ്റും കണ്ടും പിന്തുണ തേടിയിരുന്നു. മറ്റെല്ലാവര്‍ക്കും വേണ്ടി ചെയ്യുന്നതുപോലെ അവരുടെ ആവശ്യങ്ങള്‍ക്കായി താന്‍ പോരാടുമെന്ന് പ്രിയങ്ക ഉറപ്പ് നല്‍കി. ‘ആളുകള്‍ എനിക്ക് ഒരുപാട് സ്നേഹവും വാത്സല്യവും തന്നിട്ടുണ്ട്.
അതിന് ഞാന്‍ വളരെ നന്ദിയുള്ളവളാണ്. ഞാന്‍ ഇവിടെ വളരെ സന്തോഷത്തോടെയാണ് പ്രചാരണം നടത്തുന്നത്. ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള നിരവധി ആളുകളെ ഞാന്‍ കാണുന്നുണ്ട്,’ പ്രിയങ്ക പറഞ്ഞു. അവരുടെ ആവശ്യങ്ങള്‍ക്കായി താന്‍ പോരാടും എന്നും അവരുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ ശരിയായി മനസിലാക്കി അവരെ പിന്തുണയ്ക്കും എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
അതേസമയം പ്രിയങ്കയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷം വോട്ടുകള്‍ക്ക് മുകളില്‍ എത്തിക്കാനാണ് യുഡിഎഫിന്റെ ശ്രമം. വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന വയനാട് ലോക്സഭാ മണ്ഡലം 2009-ല്‍ രൂപീകൃതമായതുമുതല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ്. 2019-ല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എന്നാല്‍ 2024 ല്‍ ഇത് 3,64,422 ആയി കുറഞ്ഞിരുന്നു.