28 in Thiruvananthapuram
TV Next News > News > Kerala > നാളെ ശബരിമല വഖഫ് ഭൂമിയാണെന്ന് പറഞ്ഞാൽ അയ്യപ്പൻ ഇറങ്ങിപ്പോകേണ്ടി വരും…

നാളെ ശബരിമല വഖഫ് ഭൂമിയാണെന്ന് പറഞ്ഞാൽ അയ്യപ്പൻ ഇറങ്ങിപ്പോകേണ്ടി വരും…

Posted by: TV Next November 9, 2024 No Comments

വയനാട്: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിവാദ പരാമർശവുമായി ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ബി  ഗോപാലകൃഷ്ണൻ  . വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാല്‍ ശബരിമല നാളെ വഖഫ് ഭൂമിയാവുമെന്നായിരുന്നു ഉണ്ണികൃഷ്ണന്റെ പരാമർശം. ശബരിമലയും വേളാങ്കണ്ണിയുമെല്ലാം വഖഫ് ബോർഡ് കൊണ്ടുപോകാതിരിക്കണമെങ്കിൽ വയനാട്ടിൽ ബിജെപിയെ ജയിപ്പിക്കണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

ശബരിമല, അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങായി ഇരിപ്പുണ്ട് അയ്യപ്പനു താഴെ. അയ്യപ്പൻ പതിനെട്ടു പടിയുടെ മുകളിലാണ്. പതിനെട്ടു പടിയുടെ അടിയിൽ വേറൊരു ചങ്ങായി ഇരിപ്പുണ്ട്, വാവര്. ഈ വാവര് നാളെ പറയുവാണ് ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാൽ നാളെ ശബരിമല വഖഫിന്റേത് ആകും. അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും. അനുവദിക്കണോ?

വേളാങ്കണ്ണി മാതാവിനെ പ്രാർത്ഥിക്കാത്ത ആരും ഉണ്ടാകില്ല. നാളെ വേളാങ്കണ്ണി വഖഫ് ഭൂമിയാണെന്ന് പറഞ്ഞാൽ കൊടുക്കേണ്ടി വരും. കൊടുക്കണോ? ഇതൊക്കെ വേണ്ട എന്നുണ്ടെങ്കിൽ രാഷ്ട്രീയം മറന്ന് നിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യൂ. പ്രിയങ്കക്ക് വോട്ട് ചെയ്താൽ വേളാങ്കണ്ണിയുടെ ഭൂമി പോകും,ശബരിമല വഖഫിന്റെ ഭൂമിയാണെന്ന് ഇവർ പറയും. അതുകൊടുക്കേണ്ടെന്ന് പറഞ്ഞാണ് വഖഫ് ഭേദഗതി കൊണ്ടുവന്നത്. ആ ഭേദഗതിയാണ് ഇടതുപക്ഷവും വലതുപക്ഷവും ചേർന്ന് പ്രമേയം പാസാക്കിയത്.

പ്രിയങ്ക വദ്രയോട് മുനമ്പത്ത് ഭൂമി വഖഫിന്റേതല്ലെന്ന് പറയിപ്പിക്കാൻ സാധിക്കുമോ? നൂറ് കണക്കിന് ക്രിസ്ത്യാനികൾ ആ ഭൂമിക്ക് വേണ്ടി സമരത്തിലാണ്. കോൺഗ്രസിന് ധൈര്യം കാണില്ല, ഞങ്ങൾ പറയും മുനമ്പത്തെ ഭൂമി വഖഫിന്റേതാണ്. കേരളത്തിൽ ബിജെപി പ്രവർത്തകർ ഉള്ളിടത്തോളം മുനമ്പത്ത് നിന്ന് ആരും ക്രിസ്ത്യാനികളെ കുടിയൊഴിപ്പിക്കില്ല’, എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാക്കുകൾ.

വഖഫ് ബോർഡിനെതിരെ സുരേഷ് ഗോപിയും വയനാട്ടിൽ രംഗത്തെത്തി. ഒരു ബോർഡും ഇവിടെ തണ്ടെല്ലോടെ നിൽക്കില്ലെന്നും അത് ഞങ്ങൾ ഊരിയെടുക്കുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. ‘ഞങ്ങൾക്ക് മുനമ്പത്തെ സുഖിപ്പിച്ചുകൊണ്ട് ഒന്നും നേടാനില്ല. ഒരു വാക്കിട്ട് കൊടുത്താൽ മതി. അവർ അതിൽ കയറി കൊത്തും. ആ കൊത്തൽ അവരുടെ അവസാനത്തെ കൊത്തൽ ആയിരിക്കും. മായക്കാഴ്ചയായി കണ്ട് നിങ്ങൾ സമാധാനിച്ചോളൂ’, എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.

 

കഴിഞ്ഞ ദിവസം അമിത് ഷായുടെ ഓഫീസിൽ നിന്നും തനിക്കൊരു വീഡിയോ അയച്ച് തന്നിട്ടുണ്ടെന്നും അത് വരും ദിവസങ്ങളിൽ കേരളത്തിൽ പ്രചരിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.