30 in Thiruvananthapuram
TV Next News > News > Kerala > Local > ദിവ്യയെ ഒളിപ്പിച്ചത് സിപിഎം ആണെന്നും പ്രതിപക്ഷ നേതാവ് ….

ദിവ്യയെ ഒളിപ്പിച്ചത് സിപിഎം ആണെന്നും പ്രതിപക്ഷ നേതാവ് ….

2 weeks ago
TV Next
18

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയുടെ അറസ്‌റ്റ്‌ വൈകിയതിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദിവ്യ വിഐപി പ്രതിയാണെന്ന് ആരോപിച്ച സതീശൻ പോലീസിനെ സിപിഎം സമ്മർദ്ദത്തിൽ ആക്കിയെന്നും ആരോപിച്ചു. ദിവ്യയെ ഒളിപ്പിച്ചത് സിപിഎം ആണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിർദ്ദേശ പ്രകാരമാണ് സിപിഎം ദിവ്യയെ ഒളിപ്പിച്ചത്. ജാമ്യം നിഷേധിച്ച് മണിക്കൂറുകൾക്കുള്ളിൽ പാർട്ടി ഗ്രാമത്തിൽ നിന്നാണ് ദിവ്യയെ കസ്‌റ്റഡിയിൽ എടുത്തത്. പിപി ദിവ്യ ഒരു വിഐപി പ്രതിയാണ്. പോലീസ് സിപിഎമ്മിന്റെ സമ്മർദ്ദത്തിലാണ്. പയ്യന്നൂർ ആശുപത്രിയിൽ ചികിത്സക്കെത്തിയിട്ടും ദിവ്യയെ അറസ്‌റ്റ്‌ ചെയ്യാൻ പോലീസ് തയ്യാറായില്ലെന്നും വിഡി സതീശൻ ആരോപിച്ചു.

കോടതി ഒരിക്കലും ദിവ്യയെ അറസ്‌റ്റ്‌ ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല. അഴിമതിക്കാരനായ എഡിഎം നവീൻ ബാബുവിനെ താറടിച്ചു കാട്ടാനായിരുന്നു ശ്രമം.  മാധ്യമങ്ങൾ തന്നെ പൊളിച്ചു. കോടതി വിധിയോടെ പ്രതിപക്ഷ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒരു കുടുംബത്തിന് നീതി കൊടുക്കാൻ പോലും കഴിയാത്ത മുഖ്യമന്ത്രി എന്തിനാണ് ഈ കസേരയിൽ ഇരിക്കുന്നതെന്നും സതീശൻ ചോദിച്ചു. മുഖ്യമന്ത്രി ഒരു ഉപജാപക സംഘത്തിന്റെ പിടിയിലാണ്. എംവി ഗോവിന്ദൻ ഇടയ്ക്കൊക്കെ സത്യം പറയാറുണ്ട്. സിപിഎമ്മിൽ എംവി ഗോവിന്ദന് ഒരു റോളുമില്ലെന്നും സതീശൻ ആരോപിച്ചു

ദിവ്യയുടെ അറസ്‌റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തയ്യാറായിരുന്നില്ല.  അറസ്‌റ്റിലായ പിപി ദിവ്യ ഇന്ന് ജാമ്യഹർജി നൽകില്ലെന്നാണ് സൂചന. നാളെ തലശ്ശേരി സെഷൻസ് കോടതിയെ സമീപിക്കാനാണ് നീക്കം. കണ്ണൂർ കണ്ണപുരത്ത് നിന്നാണ് പോലീസ് ദിവ്യയെ കസ്‌റ്റഡിയിൽ എടുത്തത്. അതീവ രഹസ്യമായിട്ടായിരുന്നു നടപടികൾ. എവിടെ വച്ചാണ് അറസ്‌റ്റ്‌ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ പങ്കുവയ്ക്കാൻ പോലീസ് തയ്യാറായിരുന്നില്ല.   ഏറ്റവും ഒടുവിൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ചുവെന്നാണ് സൂചന.

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് പിപി ദിവ്യയെ ഇപ്പോൾ പോലീസ് ചോദ്യം ചെയ്യുന്നത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ അപ്രതീക്ഷിത കടന്നുവരവും അധിക്ഷേപപരമായ ആരോപണങ്ങളുമാണ് നവീൻ ബാബുവിന്റെ ആത്‌മഹത്യക്ക് പിന്നിലെന്നായിരുന്നു ആരോപണം. കേസിൽ ദിവ്യ മാത്രമാണ് പ്രതിയായുള്ളത്.

Leave a Reply