30 in Thiruvananthapuram
TV Next News > News > Kerala > നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം; സ്പീക്കറുടെ ഡയസിൽ ചാടിക്കയറി അംഗങ്ങൾ, സഭ ഇന്നത്തേക്ക് പിരിഞ്ഞു

നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം; സ്പീക്കറുടെ ഡയസിൽ ചാടിക്കയറി അംഗങ്ങൾ, സഭ ഇന്നത്തേക്ക് പിരിഞ്ഞു

1 month ago
TV Next
39

നിയമസഭയിൽ അതിശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. വാക് പോരുമായി ഭരണ-പ്രതിപക്ഷാംഗങ്ങൾ പോരടിച്ചതോടെ അപ്രതീക്ഷിത സാഹചര്യമാണ് സഭയിൽ ഉടലെടുത്തത്. അസാധാരണമാംവിധം പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് പ്രതിഷേധിച്ച് കയറി. ബാനർ കെട്ടി പ്രതിഷേധിച്ചു. ഇതോടെ അന്തരീക്ഷം കലുഷിതമായി. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

 

 

പ്രതിപക്ഷ ബഹളത്തോടെയാണ് ഇന്ന് നിയമസഭ ആരംഭിച്ചത്. പ്രതിപക്ഷം നൽകിയ നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങൾ നക്ഷമിത്രമില്ലാതാക്കിയ നടപടി യാതൊരു തരത്തിലും അംഗീകരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ചോദ്യങ്ങൾ ചോദിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യാതൊരു പക്ഷപാതമായൊരു നടപടിയും തന്റെ ഭാഗത്ത് നിന്ന് നിന്ന് ഉണ്ടായിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി.‌‌

 

തദ്ദേശപ്രാധാന്യമുള്ള വിഷയങ്ങൾക്ക് മാത്രമാണ് നക്ഷത്രം ഒഴിവാക്കിയതെന്നും ഇക്കാര്യത്തിൽ യാതൊരു വീഴ്ചയും സർക്കാരിൻറെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നും സ്പീക്കർ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം വീണ്ടും പ്രതിഷേധം തുടർന്നു. ‘ആർക്ക് വേണ്ടി സ്പീക്കറെ’, സ്പീക്കർ രാജിവെയ്ക്കണം തുടങ്ങിയ വിളികളുമായി പ്രതിപക്ഷം സ്പീക്കർക്കെതിരേയും പ്രതിഷേധം കടുപ്പിച്ചു.

 

മുഖ്യമന്ത്രി മറുപടി പ്രസംഗത്തിനായി എഴുന്നേറ്റപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ‘പിവിക്ക് എന്തിന് പിആർ ഏജൻസി, സംഘപരിവാർ ഏജന്റുമാരെ സന്തോഷിപ്പിക്കുന്ന മുഖ്യമന്ത്രി തുടങ്ങിയ പ്ലക്കാർഡുകളുമായി പ്രതിപക്ഷം ഡയസിലേക്ക് ഇറങ്ങി. ഇതിനിടെ പ്രതിപക്ഷ നേതാവ് ആരെന്ന ചോദ്യം സ്പീക്കർ ഉയർത്തി. എന്നാൽ പ്രതിപക്ഷത്തേയും നേതാവിനേയും സ്പീക്കർ അപമാനിക്കുകയാണെന്നും അപക്വമായ നടപടിയിൽ പ്രതിഷേധിച്ച് ചോദ്യോത്തര വേള ബഹിഷ്കരിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. പ്രതിഷേധാംഗങ്ങൾ ഇറങ്ങിപ്പോകുകയും ചെയ്തു.

 

അതേസമയം കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തേയും നടപടിയേയും മന്ത്രി എംബി രാജേഷ് വിമർശിച്ചത്. സഭയുടെ ചരിത്രത്തിൽ സ്പീക്കറെ ഇതുപോലെ അധിക്ഷേപിച്ച നേതാവില്ലെന്നും അദ്ദേഹത്തിന്റെ അഹന്തയും അപക്വവുമായ പെരുമാറ്റവും സഭയുടെ അന്തഃസിനെ ഹനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഇതിനിടയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനെതിരെ രംഗത്തെത്തി. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണ് അദ്ദേഹം എന്ന് തന്റെ പരാമർശങ്ങളിലൂടെ അദ്ദേഹം തെളിയിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

 

ഇതിനിടെ പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. ‘താൻ നിലവാരമില്ലാത്തവനാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്റെ നിലവാരം അളക്കാൻ മുഖ്യമന്ത്രി ആയിട്ടില്ല. ഓരോ ദിവസും എഴുന്നേൽക്കുമ്പോൾ മുഖ്യമന്ത്രിയെ പോലൊരു അഴിമതിക്കാരനാകരുതേ താൻ എന്നാണ് പ്രാർത്ഥിക്കാറുള്ളത്’, എന്നായിരുന്നു വിഡി സതീശന്റെ മറുപടി. ഇതിന് വീണ്ടും മുഖ്യമന്ത്രി മറുപടി നൽകിയതോടെ സഭയിൽ പ്രതിപക്ഷ ബഹളം കടുത്തു. പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ അടുത്തേക്ക് പ്രതിഷേധവുമായി നീങ്ങി കസേരയ്ക്ക് സമീപത്തേക്ക് ചാടി കയറുകയായിരുന്നു.മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, ഐസി ബാലകൃഷ്ണൻ എന്നിവരാണ് കസേരയ്ക്ക് അടുത്തേക്ക് കയറിയത്. തുർന്ന് സ്പീക്കറുടെ ഡയസിന് മുന്നിൽ ബാനർ കെട്ടി. പ്രതിഷേധം കടുത്തതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു.

Leave a Reply