27 in Thiruvananthapuram

സ്വര്‍ണവില കുതിച്ചുചാടി; വമ്പന്‍ വര്‍ധനവ്… 18 കാരറ്റ് സ്വര്‍ണവും ഉയര്‍ന്നു, ഇന്നത്തെ പവന്‍ വില

7 days ago
TV Next
11

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ആഗോള വിപണിയില്‍ ആശങ്ക ശക്തമായതാണ് വില വര്‍ധനവിന് കാരണം. വരും ദിവസങ്ങളിലും വില കൂടുമെന്ന സൂചനയാണ് വിപണി നിരീക്ഷകര്‍ പങ്കുവയ്ക്കുന്നത്. സ്വര്‍ണത്തിന് മാത്രമല്ല, ക്രൂഡ് ഓയിലിനും വില കൂടിയിട്ടുണ്ട്. സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് സ്വര്‍ണം.

 

ഒക്ടോബര്‍ ഒന്നിന് സ്വര്‍ണം പവന് 240 രൂപ കുറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ കുറഞ്ഞേക്കുമെന്ന പ്രചാരണവും ഒരുഭാഗത്ത് നിന്നുണ്ടായിരുന്നു. അതിനിടെയാണ് പശ്ചിമേഷ്യയില്‍ രാഷ്ട്രീയ സാഹചര്യം മാറിയിരിക്കുന്നതും ആഗോള തലത്തില്‍ ഭീതി ഉയര്‍ന്നിരിക്കുന്നതും. പുതിയ സ്വര്‍ണവില, കൂടാനുള്ള കാരണങ്ങള്‍, വരും ദിവസങ്ങളിലെ സാധ്യതകള്‍ എന്നിവ വിശദീകരിക്കാം…

 

 

പവന്‍ വില ഇന്ന് 400 രൂപ ഉയര്‍ന്ന് 56800 രൂപയായി. ഗ്രാം വിലയില്‍ 50 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 7100 രൂപയാണ് ഇന്ന് ഒരു ഗ്രാമിന്. നേരത്തെ ഇതേ വിലയില്‍ എത്തിയിരുന്നു എങ്കിലും പിന്നീട് നേരിയ തോതില്‍ കുറഞ്ഞിരുന്നു. ഇന്ന് ഒറ്റയടിക്ക് റെക്കോര്‍ഡ് വിലയില്‍ തിരിച്ചെത്തി. 18 കാരറ്റ് സ്വര്‍ണത്തിനും വലിയ മുന്നേറ്റമാണ് കാണിക്കുന്നത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5875 രൂപയിലെത്തി. വെള്ളിയുടെ വില ഗ്രാമിന് 98 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.

 

 

 

അന്തര്‍ ദേശീയ വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2655 ഡോളറാണ് പുതിയ വില. 2661 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം അല്‍പ്പം താഴുകയായിരുന്നു. ഡോളര്‍ സൂചിക 101ലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ രൂപ 83.88 എന്ന നിരക്കിലേക്ക് താഴ്ന്നു. ഡോളര്‍ മുന്നേറുന്നത് സ്വര്‍ണവില കുറയാന്‍ കാരണമാകുമെങ്കിലും പശ്ചിമേഷ്യയിലെ സാഹചര്യമാണ് എല്ലാം തകിടം മറിച്ചിരിക്കുന്നത്.

 

 

 

ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് 62000 രൂപ വരെ ചെലവ് വരും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 54000 രൂപയ്ക്ക് അടുത്ത് ലഭിച്ചേക്കും. തങ്കത്തിന്റെ വിലയിലും മാറ്റം വരുന്നത് പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് നേട്ടമാകും. എത്ര വില കൂടിയാലും സ്വര്‍ണം വാങ്ങാന്‍ ആളുണ്ട് എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. മാത്രമല്ല, ആശങ്ക വ്യാപിച്ചിരിക്കെ മിക്ക കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങുന്നത് വര്‍ധിപ്പിക്കാന്‍ ഇടയുണ്ടെന്നും ഇതും സ്വര്‍ണവില കൂടാന്‍ വഴിയൊരുക്കുമെന്നും സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

 

 

 

പലസ്തീന് പുറമെ ലബനാനിലും ശക്തമായ ആക്രമണം നടത്തിയ ഇസ്രായേലിന്റെ നീക്കം മേഖലയില്‍ അശാന്തി പരത്തിയിട്ടുണ്ട്. ഇസ്രായേലിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം തുടങ്ങിയതും ആശങ്ക വര്‍ധിപ്പിച്ചു. ഇതോടെ മേഖലയില്‍ പുതിയ നിക്ഷേപം വരില്ലെന്ന് മാത്രമല്ല, ആഗോള ചരക്കു കടത്ത് സ്തംഭിക്കുമോ എന്ന ആശങ്കയുമുണ്ട്. ലോക ചരക്കു കടത്തിന്റെ പകുതിയോളം ഈ മേഖലയിലൂടെയാണ്.

 

 

എണ്ണവില വര്‍ധിക്കുന്നു എന്നതാണ് വിപണി നേരിടുന്ന മറ്റൊരു ആശങ്ക. ബ്രെന്റ് ക്രൂഡ് ബാരലിന് 74.55 ഡോളര്‍ എന്ന നിരക്കിലേക്ക് എത്തിയിട്ടുണ്ട്. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ്, യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് എന്നിവയുടെ വിലയും കുതിക്കുകയാണ്. ആനുപാതികമായ വില വര്‍ധനവ് ലോകത്തിന്റെ എല്ലാ ഭാഗത്തും വൈകാതെ അനുഭവപ്പെട്ടേക്കും. എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമിത്.

 

 

Leave a Reply