കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിലെ അറസ്റ്റ് ഒഴിവാക്കാന്‍ നടന്‍ സിദ്ദീഖ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യം തള്ളിയതിനാല്‍ ഒളിവിലിരുന്നാണ് സിദ്ദീഖ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അതിനാല്‍ തന്നെ സിദ്ദീഖിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ് സുപ്രീം കോടതി വിധി.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഒരാഴ്ച കഴിഞ്ഞിട്ടും സിദ്ദീഖിനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇത് പൊലീസിന് വലിയ വിമര്‍ശനമാണ് വരുത്തിവെച്ചത്. കൊച്ചിയില്‍ തന്നെ സിദ്ദീഖ് ഉണ്ടായിട്ടും എന്തുകൊണ്ട് പിടികൂടാന്‍ സാധിക്കുന്നില്ല എന്നതാണ് ഉയരുന്ന ചോദ്യം. എന്നാല്‍ സിദ്ദീഖിനായി എല്ലായിടത്തും വലവിരിച്ചിട്ടുണ്ട് എന്നും ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയതിനാല്‍ വിദേശത്ത് കടന്നിട്ടില്ല എന്നുമാണ് പൊലീസ് വാദം.
സിദ്ദീഖിന്റെ സുഹൃത്തുക്കളുടേയും മറ്റും വീടുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. അതേസമയം സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയാല്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങാനാണ് സിദ്ദീഖിന്റെ പ്ലാന്‍. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത62-ാംമത്തെ കേസായിട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സിദ്ദീഖിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയും ആണ് ഹാജരാകുന്നത്. അതേസമയം ആക്രമിക്കപ്പെട്ട നടിയും സിദ്ദീഖിന്റെ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. സിദ്ദീഖിന് ജാമ്യം അനുവദിക്കരുത് എന്നാവശ്യപ്പെട്ട് തടസഹര്‍ജിയാണ് നടി സമര്‍പ്പിച്ചിരിക്കുന്നത്.
അന്വേഷണ സംഘം മേധാവി പൂങ്കുഴലിയും ക്രൈം ബ്രാഞ്ച് എസ് പി മെറിന്‍ ജോസഫും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി ഇരുവരും കൂടിക്കാഴ്ച നടത്തി എന്നാണ് വിവരം. കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഒരു വിഭാഗം കൊച്ചിയില്‍ തുടരുന്നുണ്ട്. അതിനിടെ ഇന്നലെ സിദ്ദീഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
ഇവരുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു എന്നാണ് പൊലീസ് പറയുന്നു. എന്നാല്‍ ഇവര്‍ കസ്റ്റഡിയില്‍ തന്നെയാണ് ഉള്ളത് എന്നാണ് ബന്ധുക്കളുടെ ഭാഷ്യം. അതിനിടെ ഇന്നലെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സിദ്ദീഖ് ഉന്നതരുടെ തണലില്‍ ഒളിവില്‍ കഴിയുകയാണ് എന്നും നിയമത്തെ വെല്ലുവിളിക്കുകയാണ് എന്നുമാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം തനിക്കെതിരായ കേസില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദീഖിന്റെ വാദം. മലയാള സിനിമയിലെ സംഘടനകളായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള പോരിന്റെ ഇരയാണ് താന്‍ എന്നാണ് മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ സിദ്ദീഖ് പറഞ്ഞിരിക്കുന്നത്. സിദ്ദീഖ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നാണ് യുവനടിയുടെ പരാതിയില്‍ പറയുന്നത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളുടേയും പശ്ചാത്തലത്തിലാണ് നടി പരാതി നല്‍കിയത്. ഇതോടെ സിദ്ദീഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. നടിയുടെ പരാതിയില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. പീഡനം നടന്നു എന്ന് പറയപ്പെടുന്ന ഹോട്ടലില്‍ നടിയുമായി എത്തി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ട് എന്നാണ് പൊലീസ് പറയുന്നത്. സിദ്ദീഖിനെതിരായ പരാതി അതീവ ഗൗരവമുള്ളതാണ് എന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കും എന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.