മലപ്പുറം: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വീണ്ടും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. സ്വര്‍ണക്കള്ളക്കടത്തില്‍ താനുന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം തലക്ക് വെളിവില്ലാത്തതാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്ക്ക് പങ്കുണ്ട് എന്നും അദ്ദേഹം ആവര്‍ത്തിച്ചു.
മുഖ്യമന്ത്രി പറഞ്ഞു കൊണ്ടേ ഇരിക്കട്ടെയെന്നും സ്വര്‍ണം കൊണ്ട് കൊടുക്കുന്നവരെ എന്താണ് പിടികൂടാത്തതെന്നും അന്‍വര്‍ ചോദിച്ചു. മനപൂര്‍വമാണ് മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുക്കാരനായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു എസ് പി മാത്രം വിചാരിച്ചാല്‍ ഇതൊന്നും നടക്കില്ല എന്നും അദ്ദേഹം പറഞ്ഞു. സിപിഎം വെല്ലുവിളിക്കുകയാണെങ്കില്‍ അത് ഏറ്റെടുക്കാന്‍ തയാറാണെന്നും അന്‍വര്‍ പറഞ്ഞു.
മലപ്പുറം ജില്ലാ സെക്രട്ടറി വര്‍ഗീയവാദിയാക്കി. അതല്ല എന്ന് തെളിയിക്കേണ്ട അധിക ബാധ്യത കൂടി വന്നിരിക്കുകയാണ്. കേസും കൂട്ടവുമായി തന്നെ നേരിടാനാണ് ശ്രമമെങ്കില്‍ കാണട്ടെ എന്നും അദ്ദേഹം വെല്ലുവിളിച്ചു. തനിക്കെതിരെ ഇനിയും കേസുകള്‍ വരും എന്നും കക്കടാംപൊയിലിലെ പാര്‍ക്കിന്റെ കാര്യത്തിലും അതാണ് വരിക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലപ്പുറത്തെ പൊതുയോഗം വിപ്ലവമാകും എന്നും അദ്ദേഹം പറഞ്ഞു.
പൊതുയോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും സിപിഎം ജനപ്രതിനിധികളോടും പങ്കെടുക്കണമെന്ന് ആവശ്യപെട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തീരുമാനിച്ചാല്‍ മലപ്പുറം ജില്ലയില്‍ മാത്രം 25 പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന്റെ ഭരണം നഷ്ടമാകും. കോഴിക്കോടും പാലക്കാടും പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമാകും. തന്നെ സ്‌നേഹിക്കുന്നവര്‍ 140 മണ്ഡലത്തിലുമുണ്ട് എന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനപിന്തുണയുണ്ടെങ്കില്‍ മാത്രം പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമെന്നും അന്‍വര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കില്ല എന്ന് പറഞ്ഞിട്ടില്ല എന്നും ജനഹിതമറിഞ്ഞ ശേഷം അക്കാര്യത്തില്‍ തീരുമാനമെടുക്കും എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയിട്ട സര്‍വേയില്‍ പ്രതികരിച്ചത് 1.2 ദശലക്ഷം ആളുകളാണ്. അതില്‍ 90 ശതമാനവും പോസിറ്റിവ് പ്രതികരങ്ങളായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു.
എനിക്ക് സ്വാര്‍ത്ഥ താത്പര്യമില്ല. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ജനമുണ്ട്. നാളെ ആളുകള്‍ കുറയുമെന്ന് അറിയാം. അതെല്ലാം മനസിലാക്കിയാണ് സംസാരിക്കുന്നത്,’ അന്‍വര്‍ വ്യക്തമാക്കി. തന്റെ നെഞ്ചത്ത് കയറാതെ സര്‍ക്കാര്‍ യുവാക്കളുടെ കാര്യം നോക്കണം എന്നും കേരളത്തിലെ യുവാക്കള്‍ ആശങ്കയിലാണ് എന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും പ്രതിസന്ധിയാണ്. യുവാക്കള്‍ക്കായി കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കണം എന്നും അന്‍വര്‍ ആവശ്യപ്പെട്ടു. അതേസമയം നിയമസഭയില്‍ ആദ്യ രണ്ട് ദിവസം പോകില്ലെന്നും കൂടുതല്‍ പൊതുയോഗങ്ങള്‍ നടത്തിയ ശേഷമേ നിയമസഭയിലേക്ക് പോകൂവെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. സഭയില്‍ ഒരു കസേര ഉണ്ടാകും എന്ന് കരുതുന്നു. ഇല്ലങ്കില്‍ നിലത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.