27 in Thiruvananthapuram
TV Next News > News > Kerala > Local > കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിൽ ജാഗ്രത വേണം

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിൽ ജാഗ്രത വേണം

1 week ago
TV Next
12

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ന്യൂനമർദ്ദപാത്തിയുടെ സ്വാധീന ഫലമായാണ് മഴ വീണ്ടും ശക്തമാകുന്നതെന്നാണ് വിലയിരുത്തൽ. നിലവിൽ കൊമോറിൻ തീരം മുതൽ റായൽസീമ വരെയാണ് ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നത്. മഴ സാധ്യത കണക്കിലെടുത്ത് ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ രാത്രി നേരിയ തോതിൽ മഴ പെയ്‌തിരുന്നു, ചെറുതായി ഇടിമിന്നലും ഭീഷണി സൃഷ്‌ടിച്ചിരുന്നു.

ഇന്നും സംസ്ഥാനത്ത് ഇടിമിന്നൽ ഭീഷണി നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കിഴക്കൻ മേഖലയിൽ മഴ കനത്തേക്കുമെന്നും അവിടെ ഇടിമിന്നൽ ഉണ്ടാവാൻ ഇടയുണ്ടെന്നുമാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളിൽ ചൂണ്ടിക്കാണിക്കുന്നു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

അടുത്ത മൂന്ന് മണിക്കൂറിൽ വയനാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിൽ വ്യക്തമാക്കുന്നു. ഇടിമിന്നൽ മാത്രമല്ല കാറ്റും ഭീഷണിയാവുമെന്നാണ് മുന്നറിയിപ്പ്. 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുള്ള സാധ്യതയാണ് പറഞ്ഞിരിക്കുന്നത്. ഉയർന്ന തിരമാല-കള്ളക്കടൽ പ്രതിഭാസത്തിനുള്ള സാധ്യതയും ഇന്ന് പ്രവചിക്കപ്പെടുന്നുണ്ട്.

 

കേരളം തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

 

തീരപ്രദേശങ്ങളിലെ അപകട മേഖലകളിൽ കഴിയുന്നവരോട് പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. പരമാവധി അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കാനാണ് അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട് തീർത്തും കടൽക്ഷോഭം രൂക്ഷമാവാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. അതുകൊണ്ട് തന്നെ ബീച്ചുകളിലേക്കുള്ള സന്ദർശനം പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം.

Leave a Reply