27 in Thiruvananthapuram
TV Next News > News > Kerala > അർജുന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും; നടപടികൾ ഇന്ന് തുടങ്ങും, ലോറി കരക്കെത്തിക്കാൻ ശ്രമം തുടരുന്നു

അർജുന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും; നടപടികൾ ഇന്ന് തുടങ്ങും, ലോറി കരക്കെത്തിക്കാൻ ശ്രമം തുടരുന്നു

2 weeks ago
TV Next
21

അങ്കോള: ഷിരൂരിൽ മണ്ണിടിച്ചിൽ മരണപ്പെട്ട അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് ഇന്ന് തുടക്കമാവും. പരിശോധനക്കായി ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു കഴിഞ്ഞു. രണ്ട് ദിവസത്തിനകം തന്നെ ഫലം ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇന്ന് വൈകീട്ടോടെയോ നാളെയോടെയോ മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകാനാണ് സാധ്യത.

ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബവും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സാമ്പിൾ ശേഖരിച്ചത്. നിലവിൽ കാർവാർ കിംസ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. അർജുന്റെ അസ്ഥിയുടെ ഒരു ഭാഗം മംഗളൂരുവിലെ എഫ്എസ്എൽ ലാബിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്.

 

മൃതദേഹ ഭാഗം കോഴിക്കോട് കണ്ണാടിക്കലെ വീട്ടിൽ എത്തിക്കാനുള്ള ചുമതല കേരള സർക്കാർ ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. എത്രയും വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടവും വ്യക്തമാക്കിയിരുന്നു. അതിനിടെ അർജുന്റെ ലോറി കരയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

 

ഇന്നലെ ക്രെയിൻ ഉപയോഗിച്ച് ലോറി കരയ്ക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും വടം പൊട്ടിയതിനെ തുടർന്ന് സാധിച്ചിരുന്നില്ല. ഇതോടെ ഇന്ന് രാവിലെ മുതൽ നടപടി പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ ലോറിയുടെ ക്യാബിനിൽ ആയിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. അതിനാൽ കൂടുതൽ പരിശോധന ഉൾപ്പെടെ നടത്താൻ ലോറി കരയ്ക്ക് എത്തിച്ചേ മതിയാവൂ.

 

അതിനിടെ മണ്ണിടിച്ചിലിൽ അർജുനൊപ്പം കാണാതായ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. നിലവിൽ ഡ്രഡ്‌ജർ കമ്പനിയുമായുള്ള കരാർ ഞായറാഴ്‌ച വരെയാണ് ഉള്ളത്. ഈ സാഹചര്യത്തിൽ തിരച്ചിൽ തുടരുമെന്ന് തന്നെയാണ് ജില്ലാ ഭരണകൂടവും എംഎൽഎയും വ്യക്തമാക്കുന്നത്.

അതേസമയം, നീണ്ട 71 ദിവസത്തെ തിരച്ചിലിനും തീവ്ര പ്രയത്നത്തിനും ഒടുവിലാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുന്റെ ലോറിയും മൃതദേഹവും കണ്ടെടുത്തത്. തിരച്ചിലിന്റെ ആദ്യ രണ്ട് ഘട്ടങ്ങളും പരാജയപ്പെട്ടതിനെ തുടർന്ന് മൂന്നാം ഘട്ടത്തിൽ ഡ്രഡ്‌ജർ ഉൾപ്പെടെ എത്തിച്ചായിരുന്നു തിരച്ചിൽ നടത്തിയത്. ഈശ്വർ മാൽപെ ഉൾപ്പെടെയുള്ള മുങ്ങൽ വിദഗ്‌ധരുടെ സഹായവും തിരച്ചിലിനായി ലഭിച്ചെങ്കിലും അവസാന ഘട്ടത്തിൽ മാൽപെ പിന്മാറിയിരുന്നു.

 

 

ജൂലൈ 16നാണ് ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായത്. അതിഭീകരമായ മണ്ണിടിച്ചിലിൽ റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങളും അവിടെ പ്രവർത്തിച്ചിരുന്ന ചായക്കടയും ഉൾപ്പെടെ പുഴയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതേ സമയം അർജുനും ഇവിടെ ഉണ്ടായിരുന്നു. തുടർന്നാണ് അർജുന്റെ കുടുംബം കർണാടക പോലീസിന് പരാതി നൽകിയത്.

എന്നാൽ ആദ്യ ദിവസങ്ങളിൽ തണുപ്പൻ സമീപനം വച്ച് പുലർത്തിയ കർണാടക പിന്നീട് കേരളം സമ്മർദ്ദം ചെലുത്തിയതോടെ വലിയ രീതിയിൽ ദൗത്യത്തിനായി മുന്നിട്ടിറങ്ങി. ഡ്രോൺ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യയുടെയും സൈന്യത്തിന്റെയും വരെ സഹായം തേടിയെങ്കിലും അർജുനെയും ലോറിയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ മൂന്നാം ഘട്ട തിരച്ചിലിലാണ് ലോറിയും മൃതദേഹവും ലഭിച്ചത്.

 

Leave a Reply