27 in Thiruvananthapuram
TV Next News > News > Lifestyle > Health > കേരളത്തിലെ ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിച്ചു; രാജ്യത്ത് തന്നെ ആദ്യം, നിരക്കുകള്‍ ഇങ്ങനെ

കേരളത്തിലെ ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിച്ചു; രാജ്യത്ത് തന്നെ ആദ്യം, നിരക്കുകള്‍ ഇങ്ങനെ

2 weeks ago
TV Next
22

തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിച്ച് സര്‍ക്കാര്‍. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ ആണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ആംബുലന്‍സുകള്‍ക്ക് താരിഫ് പ്രഖ്യാപിക്കുന്നത്. വെന്റിലേറ്റര്‍ സൗകര്യമുള്ള എയര്‍ കണ്ടീഷന്‍ഡ് ആംബുലന്‍സിന് മിനിമം ചാര്‍ജ് 2500 രൂപയായിരിക്കും

10 കിലോ മീറ്ററാണ് മിനിമം നിരക്കിനുള്ള ദൂരം. അധികം വരുന്ന ഓരോ കിലോ മീറ്ററിനും 50 രൂപ അധിക ചാര്‍ജായി ഈടാക്കും. വെയിറ്റിംഗ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 350 രൂപയാണ്. വെന്റിലേറ്റര്‍ അടക്കമുള്ള ഹൈ എന്റ് വാഹനങ്ങള്‍ക്കായിരിക്കും ഈ നിരക്ക് ബാധകം. വെന്റിലേറ്ററില്ലാത്ത ഓക്സിജന്‍ സൗകര്യമുള്ള സാധാരണ എയര്‍ കണ്ടീഷന്‍ഡ് ആംബുലന്‍സുകള്‍ക്ക് (സി ലെവല്‍) മിനിമം ചാര്‍ജ് 1500 രൂപയായിരിക്കും നിരക്ക്.

അധികമായി വരുന്ന കിലോ മീറ്ററിന് 40 രൂപ ഈടാക്കും. ഒരു മണിക്കൂറിന് ശേഷം വെയിറ്റിംഗ് ചാര്‍ജ് ഈടാക്കാം. ഓരോ മണിക്കൂറിനും 200 രൂപയായിരിക്കും വെയ്റ്റിംഗ് ചാര്‍ജ്. ബി ലെവല്‍ ആംബുലന്‍സുകള്‍ക്ക് 1000 രൂപ മിനിമം ചാര്‍ജ്. അധിക കിലോ മീറ്ററിന് 30 രൂപയും വെയിറ്റിംഗ് ചാര്‍ജ് 200 രൂപയും ആയിരിക്കും. ചെറിയ ഒമ്നി പോലുള്ള എ സി ആംബുലന്‍സുകളുടെ നിരക്ക് 800 രൂപയായിരിക്കും.

 

അധിക കിലോമീറ്ററിന് 25 രൂപയും വെയ്റ്റിംഗ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 200 രൂപയും ആയിരിക്കും. ചെറിയ ഒമ്നി പോലുള്ള നോണ്‍ എ സി ആംബുലന്‍സുകളുടെ നിരക്ക് 600 രൂപയായിരിക്കും. വെയിറ്റിംഗ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 150 രൂപയും അധിക കിലോ മീറ്ററിന് 20 രൂപയും ഈടാക്കാം. അതേസമയം ആര്‍ സി സിയിലേക്ക് വരുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് ഓരോ കിലോമീറ്ററിനും രണ്ട് രൂപ വീതം ഇളവ് നല്‍കും.

 

12 വയസിനു താഴെയുള്ള കുട്ടികള്‍ക്കും ഈ ഇളവ് ബാധകമായിരിക്കും. ബി പി എല്‍ വിഭാഗങ്ങള്‍ക്ക് നിരക്കുകളില്‍ 20 % ഇളവുണ്ടായിരിക്കും. അപകടം നടന്നാല്‍ ഉടനെ സൗജന്യമായി ആശുപത്രികളില്‍ എത്തിക്കണം. നിരക്കുകള്‍ ആംബുലന്‍സുകളില്‍ പ്രദര്‍ശിപ്പിക്കും. യാത്ര വിവരങ്ങള്‍ അടങ്ങിയ ലോഗ് ബുക്ക് ആംബുലന്‍സുകളില്‍ നിര്‍ബന്ധമാക്കുകയും സംശയം തോന്നുന്ന ആംബുലന്‍സുകളില്‍ പരിശോധന നടത്തുകയും ചെയ്യും.

Leave a Reply