കണ്ണൂർ: തലശ്ശേരി നഗരത്തിലെ കുയ്യാലിയിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും 10.05 ഗ്രാം എം ഡി എം എയുമായി യുവതി അറസ്റ്റിൽ. ചാലിൽ സ്വദേശിനി പി. കെ റുബൈദ ( 37 ) യാണ് പിടിയിലായത്. ഇവർ ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് മയക്ക്മരുന്ന് വിൽപ്പന നടത്തുന്നൂണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതിയെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
പരിശോധനയിൽ ഇവരുടെ ക്വാർട്ടേഴ്സിലെ ഫ്രിഡ്ജിൽ നിന്നും എംഡിഎം എ കൂടാതെ ആറ് മൊബൈൽ ഫോൺ , മയക്ക്മരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ നാലായിരത്തി എണ്ണൂറ് ( 4800 ) രൂപ എന്നിവയും കണ്ടെത്തി. പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നേരത്തെ തലശേരി മേഖലയിൽ മയക്കുമരുന്ന് ഇടപാടുകളിൽ ചില സ്ത്രികളുടെ പങ്കാളിത്തം പൊലിസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. തലശേരി കുയ്യാലി ചാൽ ബീച്ച്, മട്ടാമ്പ്രം, കടൽപ്പാലം ഭാഗങ്ങളിലാണ് മയക്കുമരുന്ന് വിൽപ്പനക്കാർ തമ്പടിച്ചിരുന്നത്. ബെംഗളൂരിൽ നിന്നാണ് ഇവർ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നത്. അറസ്റ്റിലായ റുബൈദ ഇത്തരം സംഘത്തിലെ കണ്ണിയാണെന്നാണ് പൊലിസ് പറയുന്നത്. വരും ദിവസങ്ങളിലും മയക്കുമരുന്ന് വിൽപ്പനയ്ക്കെതിരെ റെയ്ഡ് ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.
രാത്രികാല പട്രോളിങ് ശക്തമാക്കാൻ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ അജിത്ത് കുമാർ ഉത്തരവിട്ടിട്ടുണ്ട്. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ നിയന്ത്രണത്തിലുള്ള ഡാൻസെഫും മയക്കുമരുന്ന് വിൽപ്പനയ്ക്കെതിരെ റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്. ഇരിട്ടി കൂട്ടുപുഴ അതിർത്തിയിൽ എക്സൈസും പരിശോധനയും നടത്തുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കണ്ണൂർ ജില്ല കേന്ദ്രികരിച്ച് സിന്തറ്റിക്ക് മയക്കുമരുന്നുകളുടെ വിൽപ്പന വ്യാപകമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പോലിസും എക്സൈസും റെയ്ഡ് ശക്തമാക്കിയത്.