കൊച്ചി: നടിയുടെ പീഡനപരാതിയിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. ഹൈക്കോടതിയാണ് നടന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് എടുത്ത കേസിലാണ് നടന്റെ അപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖിനെ അറസ്‌റ്റ് ചെയ്യാനുള്ള സാധ്യതയാണ് തെളിയുന്നത്.
കേസിൽ താൻ നിരപരാധി ആണെന്നായിരുന്നു സിദ്ദിഖ് ഹൈക്കോടതിയിൽ വാദിച്ചത്. അതിനാൽ തനിക്ക് ജാമ്യം നൽകണമെന്നും നടൻ ആവശ്യപ്പെട്ടു. എന്നാൽ സാഹചര്യത്തെളിവുകൾ ഉൾപ്പെടെ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. ജസ്‌റ്റിസ് ഡിഎസ് ഡയസാണ് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ നടന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലിൽവച്ച് യുവനടിയെ ബലാത്സംഗത്തിനിരയാക്കി എന്നായിരുന്നു പരാതി. തുടർന്ന് മ്യൂസിയം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിന്റെ അന്വേഷണം സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇത് പുരോഗമിക്കവെയാണ് അറസ്‌റ്റ് സാധ്യത മുൻകൂട്ടി കണ്ട് നടൻ കോടതിയെ സമീപിച്ചത്.
ഇനി അപ്പീൽ പോവുക മാത്രമാണ് സിദ്ദിഖിന് മുന്നിലുള്ള ഏക വഴി. ഹൈക്കോടതിയിൽ തന്നെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാവും താരത്തിന്റെ നീക്കം. എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം സിദ്ദിഖിന്റെ അറസ്‌റ്റ് രേഖപ്പെടുത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് അറസ്‌റ്റ് നീളുന്നത് എന്നാണ് ലഭ്യമായ വിവരം.
എന്നാൽ ഇത് ഹൈക്കോടതി തള്ളിയതോടെ അറസ്‌റ്റ് ഏത് നിമിഷവും ഉണ്ടാവാനാണ് സാധ്യത. പ്രത്യേകിച്ച് സിദ്ദിഖിനെ കസ്‌റ്റഡിയിൽ എടുക്കേണ്ടതിന്റെ ആവശ്യകത പ്രോസിക്യൂഷൻ കോടതിയിൽ എടുത്തുപറഞ്ഞ സാഹചര്യത്തിൽ. കേസ് മുന്നോട്ട് പോവണമെങ്കിൽ സിദ്ദിഖിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നാണ് ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചത്.
നേരത്തെ ഹോട്ടലിലെ രേഖകളും മറ്റ് സാഹചര്യ തെളിവുകളും നടന് എതിരാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സിദ്ദിഖിന്റെ കുരുക്ക് മുറുകുകയാണ് എന്ന വാർത്തകൾ പുറത്തു വരുന്നതിനിടെയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയുള്ള ഹൈക്കോടതി നടപടിയും ഉണ്ടായിരിക്കുന്നത്. നേരത്തെ ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് സിദ്ദിഖിന് അമ്മ ജനറൽ സെക്രട്ടറി സ്ഥാനവും താരത്തിന് രാജി വയ്‌ക്കേണ്ടി വന്നിരുന്നു
2016ൽ പുതിയ സിനിമയുടെ പ്രിവ്യൂ കാണാനായി ക്ഷണിച്ച് വരുത്തി ഹോട്ടൽ മുറിയിൽ വച്ച് പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് മുൻപ് തന്നെ മീടൂ ആരോപണം വന്ന സമയത്ത് സിദ്ദിഖിനെതിരെ ഇതേ നടി ആരോപണവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോഴാണ് കേസെടുത്തതും അന്വേഷണത്തിൽ പുരോഗതി ഉണ്ടായത്.