28 in Thiruvananthapuram
TV Next News > News > Kerala > പിവി അന്‍വറിനെ സ്വാഗതം ചെയ്ത് ലീഗ് നേതാവ്: വിവാദമായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

പിവി അന്‍വറിനെ സ്വാഗതം ചെയ്ത് ലീഗ് നേതാവ്: വിവാദമായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

2 weeks ago
TV Next
25

നിലമ്പൂർ: സി പി എം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും തള്ളിപ്പറഞ്ഞതിന് പിന്നാലെ നിലമ്പൂരിലെ ഇടത് സ്വതന്ത്ര എം എല്‍ എ പിവി അന്‍വറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് നിലമ്പൂരിലെ മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ മുണ്ടേരിയാണ് അന്‍വറിനെ സ്വാഗതം ചെയ്തിരിക്കുന്നത്. അന്‍വർ പറയുന്ന പലകാര്യങ്ങളും സത്യമാണെന്നും അദ്ദേഹം പറയുന്നു.

 

സ്വാതന്ത്ര്യസമരസേനാനിയായ ഷൗക്കത്ത് അലി സാഹിബിന്റെ മകന്‍ പി വി അന്‍വറിന്റെ യഥാര്‍ഥ മുഖം ഇനിയാണ് പിണറായി വിജയന്‍ കാണേണ്ടത്. ഈ ദുഷ്ടശക്തികള്‍ക്കെതിരെ നാടിന്റെ നന്മയ്ക്കുവേണ്ടി ഒന്നിച്ച് പോരാടാമെന്നും ഇഖ്ബാല്‍ മുണ്ടേരി ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ചർച്ചയായതിന് പിന്നാലെ അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പിന്‍വലിച്ച പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

പിവി അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണ്. പക്ഷേ അത് അംഗീകരിക്കാൻ പിണറായി വിജയന് കഴിയില്ല. അതിന് പല കാരണങ്ങളും ഉണ്ട്. അൻവർ പെട്ടെന്ന് ആർക്ക് മുന്നിലും വഴങ്ങുന്ന പ്രകൃതക്കാരനല്ല. പിണറായിക്കാണെങ്കിൽ തൻ്റെ മുന്നിൽ വഴങ്ങാത്തവനോട് കട്ടക്കലിപ്പുമാണ്.

 

മുഖ്യമന്ത്രിയിൽ വലിയ വിശ്വാസമുണ്ടായിരുന്ന അൻവറിൻ്റെ യുദ്ധപ്രഖ്യാപന ഘട്ടം.

മുഖ്യമന്ത്രിയെ മറ്റുള്ളവർ വല്ലാതെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്ന് കരുതുന്ന ഘട്ടം. മുഖ്യമന്ത്രി തന്നെ തീരെ വിശ്വാസത്തിലെടുക്കുന്നില്ല എന്നതിൽ അൻവറിന് ചെറിയ നിരാശ തോന്നുന്നുണ്ട്. ഇനി മൂന്നാം ഘട്ടത്തിലേക്ക് കടക്കണം. യഥാർത്ഥ പിണറായി വിജയൻ ആരാണെന്ന് കൃത്യമായി മനസിലാക്കുന്ന പ്രധാന ഘട്ടമാണത്.പിണറായിയും , ശശിയും , എംആർ അജിത് കുമാറും മൂന്നല്ല അതൊന്നാണെന്ന് ബോധ്യപ്പെടുന്ന നിമിഷം

 

പിന്നെയാണ് സ്വാതന്ത്ര്യ സമര സേനാനിയായ ഷൗക്കത്തലി സാഹിബിൻ്റെ മകൻ പി.വി.അൻവറിൻ്റെ യഥാർത്ഥ മുഖം പിണറായി കാണേണ്ടത്. ഈ ഭരണം സംഘ്പരിവാറിന് കുടപിടിക്കുകയാണ് എന്നും, മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ ഓഫീസും എല്ലാ തരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വർഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന മുസ്ലിം ലീഗിൻ്റെയും യു.ഡി എഫിൻ്റേയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിൻ്റെ കൂടെ നിൽക്കാൻ പഴയ കോൺഗ്രസ് കാരനായ അൻവർ തയ്യാറാവുന്ന ഘട്ടത്തിന് അപ്പോഴാണ് സമയമാവുക. ഈ ദുഷ്ടശക്തികൾക്കെതിരെ , നാടിൻ്റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാം.

Leave a Reply