27 in Thiruvananthapuram
TV Next News > News > Kerala > ഇടപെട്ട് ശരദ് പവാർ, വഴങ്ങി എകെ ശശീന്ദ്രൻ, മന്ത്രി സ്ഥാനം ഒഴിയും; തോമസ് കെ തോമസ് മന്ത്രിയാകും

ഇടപെട്ട് ശരദ് പവാർ, വഴങ്ങി എകെ ശശീന്ദ്രൻ, മന്ത്രി സ്ഥാനം ഒഴിയും; തോമസ് കെ തോമസ് മന്ത്രിയാകും

3 weeks ago
TV Next
19

ഡൽഹി: മന്ത്രിസ്ഥാനം ഒഴിയാൻ തയ്യാറായി എകെ ശശീന്ദ്രൻ. പകരം തോമസ് കെ തോമസ് മന്ത്രിയാകും. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ വിളിച്ച് ചേർത്ത യോഗത്തിലാണ് സമവായം ഉണ്ടായത്. ശരദ് പവാർ ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്നണി നേതൃത്വവുമായും ബന്ധപ്പെടും. ഒരാഴ്ചക്കകം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

 

മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാനുള്ള സമ്മർദ്ദം ശക്തമായതോടെ എകെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ എൻസിപിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ദേശീയ അധ്യക്ഷൻ വിളിച്ച് ചേർത്ത യോഗത്തിൽ ശശീന്ദ്രൻ പങ്കെടുത്തത്. യോഗത്തിൽ തോമസ് കെ തോമസിനെ അനുകൂലിക്കുന്ന നിലപാടാണ് പവാർ കൈക്കൊണ്ടത്. മാത്രമല്ല സംസ്ഥാന നേതൃത്വവും ശശീന്ദ്രന് എതിരായിരുന്നു. ഇതോടെയാണ് മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ ശശീന്ദ്രൻ സന്നദ്ധത പ്രകടിപ്പിച്ചത്.

അന്തിമ തീരുമാനത്തിനായി ഒരാഴ്ച കാത്തിരിക്കാനാണ് ദേശീയ അധ്യക്ഷൻ അറിയിച്ചതെന്ന് പിസി വാക്കോ വ്യക്തമാക്കി. ഉടൻ തന്നെ തീരുമാനം ഉണ്ടാകും. സംഘടന കാര്യങ്ങളടക്കം ഇന്നത്തെ യോഗത്തിൽ ചർച്ചയായെന്നും പിസി ചാക്കോ പറഞ്ഞു.മന്ത്രി സ്ഥാനത്തെ ചൊല്ലി എൻ സി പിയിൽ നേരത്തേ തന്നെ ഭിന്നത രൂക്ഷമായിരുന്നു. രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയാകാനുള്ള താത്പര്യം തുടക്കത്തിൽ തന്നെ തോമസ് കെ തോമസ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയുടെ പിന്തുണ ശശീന്ദ്രനായിരുന്നു. ഇതോടെ രണ്ട് വർഷം കഴിഞ്ഞ് ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയണമെന്ന ഉപാധിയും തോമസ് കെ തോമസ് മുന്നോട്ട് വെച്ചു. ഇത് അംഗീകരിക്കാൻ ശശീന്ദ്രൻ തയ്യാറായില്ല. അടുത്തിടെ പി സി ചാക്കോയി തോമസ് കെ തോമസ് അടുത്തതോടെ വീണ്ടും മന്ത്രി സ്ഥാനം വേണമെന്ന ആവശ്യം അദ്ദേഹം ശക്തമായി ഉയർത്തി. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ കെ ശശീന്ദ്രൻ അംഗീകരിച്ചില്ലെന്ന പരാതിയും തോമസ് കെ തോമസ് ഉന്നയിച്ചു. എന്നാൽ ഇതിനെ തള്ളിയ ശശീന്ദ്രൻ താൻ എന്ത് സംഭവിച്ചാലും മന്ത്രി പദം ഒഴിയില്ലെന്ന നിലപാട് കടുപ്പിച്ചു. ഇതോടെയാണ് തോമസ് കെ തോമസ് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ ദേശീയ നേതൃത്വത്തിന് മുന്നിൽ ആവശ്യം അവതരിപ്പിച്ച് അനുകൂല നിലപാട് നേടിയെടുത്തത്.

 

Leave a Reply