തിരുവനന്തപുരം: കേരള സർവകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി. തിരഞ്ഞെടുപ്പിനെ ചൊല്ലി എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് തീരുമാനം. ക്രമക്കേട് ആരോപിച്ചു കൊണ്ടാണ് രണ്ട് കൂട്ടരും തമ്മിൽ പരസ്‌പരം ഏറ്റുമുട്ടിയത്. വൻ സംഘർഷത്തിനാണ് സെനറ്റ് ഹാൾ സാക്ഷ്യം വഹിച്ചത്. സുരക്ഷ ഒരുക്കാൻ വൻ പോലീസ് പട തന്നെ ഇവിടെ ഉണ്ടായിരുന്നിട്ടും സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല.
രജിസ്ട്രാറുടെ സഹായത്തോടെ കെഎസ്‌യു പ്രവർത്തകർ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നായിരുന്നു എസ്എഫ്ഐയുടെ പ്രധാന ആരോപണം. ഇത് ചൂണ്ടിക്കാട്ടി അവർ നടത്തിയ പ്രതിഷേധത്തിനിടെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. 15 ബാലറ്റ് പേപ്പറുകള്‍ ഇതിനിടെ കാണാതായിരുന്നു. അതോടെയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കാൻ സർവകലാശാല തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ പിന്നീട് അറിയിക്കുമെന്നാണ് സർവകലാശാലയുടെ അറിയിപ്പ്.
പട്ടികയും മറക്കഷ്‌ണങ്ങളും കല്ലുകളും ഉൾപ്പെടെ ഉപയോഗിച്ചാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയത്. സെനറ്റ് ഹാളിൻ്റെ വാതിൽ ചവിട്ടി തുറക്കാനായിരുന്നു എസ്എഫ്ഐയുടെ ശ്രമം. ഈ ഹാളിനുളളിലായിരുന്നു കെഎസ്‌യു പ്രവർത്തകർ കൂടി നിന്നിരുന്നത്. ഇതോടെയാണ് സംഘർഷാവസ്ഥ ശക്തമായത്. നേരത്തെ സർവകലാശാലയിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളും ജയിച്ചത് എസ്എഫ്ഐ ആയിരുന്നു. പക്ഷേ സെനറ്റ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കെഎസ്‌യു രണ്ട് സീറ്റുകൾ നേടിയതോടെയാണ് സഘര്ഷങ്ങളുടെ തുടക്കം. റിസര്‍വേഷന്‍ സീറ്റുകളിലൽ രജിസട്രാറുടെ സഹായത്തോടെ കെഎസ്‌യു ജയം സ്വന്തമാക്കുകയായിരുന്നു എന്നാണ് എസ്എഫ്ഐയുടെ വാദം. ബാലറ്റ് പേപ്പർ കാണാതായ വിഷയത്തിലും ഇരുകൂട്ടരും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്
സംഘർഷം രൂക്ഷമായതോടെ പോലീസെത്തി കെഎസ്‌യു പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. സര്വകലാശാലയ്ക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ പ്രവര്‍ത്തകർ തമ്മിലും സംഘർഷമുണ്ടായി. വലിയ പോലീസ് സന്നാഹം തന്നെ സ്ഥലത്ത് നിലയുറപ്പിച്ചെങ്കിലും സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ നന്നേ ബുദ്ധിമുട്ടി. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്, ക്യാമ്പസിനുള്ളിൽ എസ്എഫ്ഐ പ്രവർത്തകർ മാത്രമാണുള്ളത്
അതേസമയം, വിദ്യാര്‍ത്ഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 7ല്‍7 സീറ്റിലും എസ്എഫ്‌ഐ വിജയിച്ചിരുന്നു. അക്കൗണ്ട്‌സ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ 5ല്‍ 5 സീറ്റും, സ്‌റ്റുഡന്റ്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 10ല്‍ 8സീറ്റും, എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ 15ല്‍ 13സീറ്റും നേടിയായിരുന്നു എസ്എഫ്ഐയുടെ മുന്നേറ്റം. അതിനിടെയാണ് സെനറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് നിർത്തി വയ്ക്കുന്നത്.