27 in Thiruvananthapuram
TV Next News > News > Kerala > Local > ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടന, എഡിജിപി കണ്ടതിൽ തെറ്റില്ല’; ന്യായീകരിച്ച് സ്‌പീക്കർ എഎൻ ഷംസീർ

ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടന, എഡിജിപി കണ്ടതിൽ തെറ്റില്ല’; ന്യായീകരിച്ച് സ്‌പീക്കർ എഎൻ ഷംസീർ

4 weeks ago
TV Next
44

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി എഡിജിപി എംആർ അജിത്കുമാർ നടത്തിയ കൂടിക്കാഴ്‌ചയെ ന്യായീകരിച്ച് സ്‌പീക്കർ എഎൻ ഷംസീർ. ആർഎസ്എസ് എന്നത് രാജ്യത്തെ തന്നെ പ്രധാനപ്പെട്ടൊരു സംഘടനയാണെന്നും വ്യക്തിപരമായി അവരുടെ നേതാക്കളുമായി എഡിജിപി കൂടിക്കാഴ്‌ച നടത്തിയതിൽ തെറ്റില്ലെന്നും സ്‍പീക്കർ പറഞ്ഞു. വ്യക്തികൾ അങ്ങോട്ടും ഇങ്ങോട്ടും കാണുന്നതിൽ തെറ്റില്ലെന്നും ഷംസീർ പറഞ്ഞു.

 

 

അദ്ദേഹം തന്നെ പറഞ്ഞു ഒരു സുഹൃത്താണ് കൂട്ടികൊണ്ട് പോയതെന്ന്. ഇതൊന്നും വലിയ ഗൗരവമായി കാണേണ്ട വിഷയമല്ല. ആർഎസ്എസ് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ടൊരു സംഘടനയാണ്. ആ സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആളുകളെ കണ്ടു. അതിൽ വലിയ അപാകത ഒന്നും എനിക്ക് തോന്നുന്നില്ല’ സ്‌പീക്കർ മാധ്യമങ്ങളോട് സംസാരിക്കവേ തന്റെ നിലപാട് വ്യക്തമാക്കി.

 

എഡിജിപി എംആർ അജിത്കുമാറിനെതിരായ പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളോടും സ്‌പീക്കർ പ്രതികരിച്ചു. മന്ത്രിമാരുടെ ഫോൺ എഡിജിപി ചോർത്തിയെന്ന അൻവറിന്റെ ആരോപണം അഭ്യൂഹം മാത്രമാണെന്നായിരുന്നു സ്‌പീക്കറുടെ മറുപടി. സർക്കാർ സംവിധാനത്തിൽ ഇത്തരം കാര്യങ്ങൾ നടക്കുമെന്ന് കരുതുന്നില്ലെന്നും എഎൻ ഷംസീർ ചൂണ്ടിക്കാട്ടി. അതേസമയം, എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്‌ചയിൽ കൂടുതൽ സിപിഎം നേതാക്കളും അതൃപ്‌തി രേഖപ്പെടുത്തിയതിനിടെയാണ് എംആർ അജിത് കുമാറിന്റെ പ്രവൃത്തി ന്യായീകരിച്ചുകൊണ്ട് സ്‌പീക്കർ എഎൻ ഷംസീർ രംഗത്ത് വന്നിരിക്കുന്നത്. കോൺഗ്രസ് ഉൾപ്പെടെ വിഷയം ഗൗരവമായി ഉന്നയിക്കുന്ന സമയം കൂടിയാണിത്. അതിനിടെയാണ് സ്‌പീക്കറുടെ വ്യത്യസ്‌തമായ നിലപാട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

 

 

ഈ വിഷയത്തിൽ മൂന്ന് പേർക്കാണ് മറുപടി പറയാൻ കഴിയുകയെന്നാണ് ബിജെപി നേതാവ് വി മുരളീധരൻ ഇന്ന് വ്യക്തമാക്കിയത്. അതിലൊരാൾ മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നും ദൂതനായി അയച്ചതാണ് എഡിജിപിയെ എങ്കിൽ അത് തുറന്ന് പറയണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. പിന്നെ ഇക്കാര്യത്തിൽ മറുപടി പറയേണ്ടത് എഡിജിപിയും മറ്റൊരാൾ ആർഎസ്എസ് നേതാവുമാണെന്നും മുരളീധരൻ പറഞ്ഞു.

 

 

 

പ്രതിപക്ഷ നേതാവിനെയും വി മുരളീധരൻ വിമർശിച്ചു. എന്ന് മുതലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന് ആർഎസ്എസിനോട് അയിത്തം ഉണ്ടായതെന്നായിരുന്നു മുരളീധരന്റെ ചോദ്യം. ഗുരുജി ഗോൾവർക്കറുടെ ചിത്രത്തിന് മുമ്പിൽ വിളക്ക് തെളിയിച്ച ആളാണ് വിഡി സതീശനെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. 2013ൽ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടിയിലും വിഡി സതീശൻ പങ്കെടുത്തിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

Leave a Reply