25 in Thiruvananthapuram
TV Next News > News > National > ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്, പ്രളയത്തില്‍ മുങ്ങി ചെന്നൈ, 2 മരണം, ജനജീവിതം ദുരിതത്തിൽ

ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്, പ്രളയത്തില്‍ മുങ്ങി ചെന്നൈ, 2 മരണം, ജനജീവിതം ദുരിതത്തിൽ

1 month ago
TV Next
37

ചെന്നൈ: മിഷോങ് തീവ്രചുഴലിക്കാറ്റായതോടെ പ്രളയത്തില്‍ മുങ്ങി ചെന്നൈ. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ആന്ധ്ര തീരത്തേക്ക് നീങ്ങുകയാണ് ചുഴലിക്കാറ്റ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴ ശക്തമായി തുടരുകയാണ്. തമിഴ്‌നാടിന്റെ വടക്കന്‍ തീരത്തുളള ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, നാഗപട്ടിണം, കുഡല്ലൂര്‍ ജില്ലകളിലാണ് ശക്തമായ മഴയുളളത്. തിരുവള്ളൂര്‍ ജില്ലയിലും മഴ വലിയ ദുരിതമാണ് വിതച്ചിരിക്കുന്നത്

കനത്ത മഴയത്ത് ചുമരിടിഞ്ഞ് വീണ് ചെന്നൈയില്‍ രണ്ട് പേര്‍ മരണപ്പെട്ടു. കാനത്തൂരിലാണ് സംഭവം. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവര്‍ ജാര്‍ഖണ്ഡ് സ്വദേശികളാണ്.റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചിരിക്കുകയാണ്. നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും വഴി തിരിച്ച് വിടുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 11 മണി വരെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നുളള യാത്രകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.

ചെന്നൈ നഗരത്തിന്റെ മിക്ക ഭാഗങ്ങളും പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്. താംബരം, വടപളനി അടക്കമുളളയിടങ്ങളില്‍ നിരവധി വീടുകളിലും കടകളിലും അടക്കം വെള്ളം കയറി. ചെന്നൈ, തിരുവളളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വീടിന് പുറത്തേക്ക് ഇറങ്ങരുതെന്ന് പൊതുജനങ്ങള്‍ക്ക് കര്‍ശനമായ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സ്വകാര്യ കമ്പനികള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലായി കര തൊടും. ഇന്നലെ രാത്രി മുതല്‍ ചെന്നൈയിലും അടുത്തുളള പ്രദേശങ്ങളിലും ശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുകയാണ്. മീനംമ്പാക്കത്ത് 196 എംഎം, നുങ്കംപ്പാക്കത്ത് 154.3 എംഎം എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ പെയ്ത മഴയുടെ അളവ്. ചെന്നെയിലും മറ്റ് മൂന്ന് ജില്ലകളിലും സ്‌കൂളുകളും കോളേജുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

തീരദേശ ജില്ലകളില്‍ ദുരിതബാധിതരെ പാര്‍പ്പിക്കുന്നതിന് വേണ്ടി 5000 റിലീഫ് ക്യാമ്പുകള്‍ ആണ് സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം രാത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. ചുഴലിക്കാറ്റിനെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. സുരക്ഷാ നിര്‍ദേശങ്ങളോട് ജനം സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply