ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്ന് വന്ന വെളിപ്പെടുത്തലുകളും മലയാള സിനിമയെ പിടിച്ചുകുലുക്കിയതിന് പിന്നാലെ നടപടിയുമായി തമിഴ് സിനിമാലോകം. കോളിവുഡിലെ ലൈംഗികാതിക്രമ പരാതികളില്‍ സത്വര നടപടി സ്വീകരിക്കും എന്ന് തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം അറിയിച്ചു. ഇന്ന് ചേര്‍ന്ന നടികര്‍ സംഘത്തിന്റെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ലൈംഗിക അതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ നടികര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ആഭ്യന്തരപരിഹാര സമിതി രൂപീകരിച്ചിട്ടുണ്ട്. അതിക്രമം നേരിടുന്നവര്‍ ആദ്യം ഐസിസിയില്‍ പരാതി നല്‍കണം എന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആദ്യം വെളിപ്പെടുത്തല്‍ നടത്തരുത് എന്നും നടികര്‍ സംഘം ഇന്ന് കൈക്കൊണ്ട തീരുമാനത്തില്‍ ഉള്‍പ്പെടുന്നു. പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ഇമെയിലും ഫോണ്‍ നമ്പറും ഏര്‍പ്പെടുത്തി.
പരാതിയില്‍ ആദ്യം താക്കീതായിരിക്കും നല്‍കുക. ആരോപണ വിധേയര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ തമിഴ് സിനിമയില്‍ നിന്നും അഞ്ച് വര്‍ഷം വിലക്കും. പരാതിക്കാര്‍ക്ക് വേണ്ട നിയമപോരാട്ടത്തിനുള്ള സഹായം നടികര്‍ സംഘം നല്‍കും. ജനറല്‍ സെക്രട്ടറി വിശാല്‍, പ്രസിഡന്റ് നാസര്‍, ട്രഷറര്‍ കാര്‍ത്തി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്.
സുഹാസിനി, ഖുശ്ബു, രോഹിണി തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു. മലയാള സിനിമാ മേഖലയില്‍ ഹേമ കമ്മിറ്റി അന്വേഷണം നടത്തിയതുപോലെ തമിഴിലും വേണമെന്ന് വിശാല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ നടപടികള്‍ സംഘടന തന്നെ സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് യോഗം ചേര്‍ന്ന് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പരാതിയുള്ള സ്ത്രീകള്‍ നടികര്‍ സംഘത്തെ സമീപിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കും എന്നും അഡ്ജസ്റ്റ്‌മെന്റ് വേണമെന്ന് പറയുന്ന നിമിഷം തന്നെ ചെരുപ്പൂരി അടിക്കണം എന്നുമായിരുന്നു വിശാല്‍ പറഞ്ഞിരുന്നത്. ചില നടിമാര്‍ക്ക് സുരക്ഷാപ്രശ്‌നങ്ങളുള്ളതിനാല്‍ ബൗണ്‍സര്‍മാരെ നിയമിക്കേണ്ട അവസ്ഥയാണ്. തമിഴ് സിനിമയില്‍ 20 ശതമാനം നടിമാര്‍ക്ക് മാത്രമാണ് നേരിട്ട് അവസരം ലഭിക്കുന്നതെന്നും 80 ശതമാനം പേരും ചതിക്കുഴില്‍ വീഴുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
തെറ്റ് ചെയ്തവര്‍ ശിക്ഷ അനുഭവിക്കണം എന്നും തമിഴ് സിനിമയിലെ സ്ത്രീകള്‍ അവര്‍ നേരിട്ട അനുഭവത്തെക്കുറിച്ച് തുറന്നുപറയാന്‍ ധൈര്യമായി മുന്നോട്ട് വരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേസമയം പരാതിക്കാര്‍ ആദ്യം ഐസിസിയെ സമീപിക്കണം എന്ന നടികര്‍ സംഘത്തിന്റെ തീരുമാനം വിവാദങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്.