28 in Thiruvananthapuram
TV Next News > News > Kerala > Local > ഒടുവില്‍ മുകേഷ് തെറിച്ചു; സിനിമാ കോണ്‍ക്ലേവ് നയരൂപീകരണ സമിതിയില്‍ മുകേഷില്ല, ഉണ്ണികൃഷ്ണനുണ്ടാകും

ഒടുവില്‍ മുകേഷ് തെറിച്ചു; സിനിമാ കോണ്‍ക്ലേവ് നയരൂപീകരണ സമിതിയില്‍ മുകേഷില്ല, ഉണ്ണികൃഷ്ണനുണ്ടാകും

Posted by: TV Next September 5, 2024 No Comments

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമാ കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതിയില്‍ നിന്ന് നടനും എം എല്‍ എയുമായ മുകേഷിനെ ഒഴിവാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്നെ ലൈംഗിക അതിക്രമ ആരോപണങ്ങളില്‍ മുകേഷും കുറ്റാരോപിതനാണ്. മുകേഷിനെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

ഈ സാഹചര്യത്തിലാണ് മുകേഷിനെ സമിതിയില്‍ നിന്ന് ഒഴിവാക്കിയത്. മുകേഷിന് പകരം മറ്റാരേയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം ഫെഫ്ക അധ്യക്ഷനും സംവിധായകനുമായ ബി ഉണ്ണികൃഷ്ണനെ സമിതിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഈ വര്‍ഷം നവംബര്‍ രണ്ടാം വാരത്തിന് ശേഷമാണ് സിനിമാ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. കൊച്ചിയിലായിരിക്കും ഇതിന്റെ വേദി.

 

ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണിനാണ് നടത്തിപ്പ് ചുമതല. സംസ്ഥാനത്ത് സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ മുന്നോടിയായി സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തിയുള്ള വിപുലമായ കോണ്‍ക്ലേവാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഭാവി സിനിമാ നയത്തിന് കോണ്‍ക്ലേവ് അനിവാര്യമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

അതേസമയം സിനിമാ കോണ്‍ക്ലേവില്‍ സഹകരിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോണ്‍ക്ലേവ് സംഘടിപ്പിക്കുക എന്ന ചോദ്യം മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യുസിസിയും ഉന്നയിച്ചിട്ടുണ്ട്. 350 ഓളം പേര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പരമാവധി അഞ്ച് ദിവസം വരെ നീളുന്ന ഷെഡ്യൂളാണ് ഇപ്പോള്‍ പരിഗണനയില്‍ ഉള്ളത്.

 

സിനിമാ ലൊക്കേഷനില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്ന പരാതിയില്‍ മുകേഷിനെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊച്ചി മരട് സ്റ്റേഷനിലും വടക്കാഞ്ചേരി സ്റ്റേഷനിലുമാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. കൊച്ചിയില്‍ ഐ പി സി 354 പ്രകാരവും വടക്കാഞ്ചേരിയില്‍ ഐ പി സി 354, 294 ബി വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

 

കേസുകളെല്ലാം സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുക. മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മുകേഷ് എംഎല്‍എ സ്ഥാനം രാജി വെക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സിപിഎമ്മും സര്‍ക്കാരും ഇക്കാര്യം പരിഗണിച്ചിട്ടില്ല