തിരുവനന്തപുരം: കളിയാക്കാവിളയിൽ ക്വാറി വ്യവസായി ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് തിരയുന്ന സുനിൽ കുമാറിന്റെ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കന്യാകുമാരി ജില്ലയിലെ കുലശേഖരത്താണ് റോഡരികിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് പോലീസ് കസ്റ്റഡിയിൽ എടുത്ത വാഹനം തക്കല ഡി വൈ എസ് പി ഓഫീസിലേക്ക് മാറ്റി. കേസിവ്‍ സുനിൽ കുമാറിനായി തമിഴ്നാട് പോലീസ് തിരച്ചിൽ ഊർജീതമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ദീപുവിനെ കൊലപ്പെടുത്താൻ സർജിക്കൽ ബ്ലേഡും ഗ്ലൗസും അടക്കമുള്ളവ നൽകിയത് സുനിൽ കുമാർ ആണെന്ന് നേരത്തെ അറസ്റ്റിലായ സജി കുമാർ മൊഴി നൽകിയിരുന്നു. അതേ സമയം അന്വേഷണത്തിന്റെ ഭാഗമായി സുനിൽ കുമാറുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
പ്രതി പിടിയിലായതിന് പിന്നാലെ മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇയാൾക്കായി അന്വേഷണ വിഭാഗം നാല് സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ തുടരുകയാണ്. പ്രജീപ് ചന്ദ്രനെ വ്യാഴാഴ്ച വൈകീട്ട് തമിഴ്നാട് പോലീസിന്റെ നിർദ്ദേശ പ്രകാരം നെയ്യാറ്റിൻകര പോലീസ് പിടികൂടി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
ജൂൺ 24 തിങ്കളാഴ്ച രാത്രിയാണ് കാളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കാറിനുള്ളിൽ കഴുത്തറുത്ത നിലയിലായിരുന്നു. വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കരമന സ്വദേശിയായ എസ് ദീപുവിനെ ( 44 ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിസിനസ്സ് ആവശ്യത്തിനായി വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു ദീപു. രാത്രി 12 മണിയോടെ തമിഴ്നാട് പോലീസിന്റെ പട്രോളിംഗിന് ഇടെയാണ് മൃതദേഹം കണ്ടെത്തിയത്.
കാർ വഴിയരികിൽ നിർത്തിയിട്ട നിലയിലായിരുന്നു. കാറിന്റെ ഇൻഡിക്കേറ്റർ പ്രവർത്തിച്ചുകൊണ്ടിരുന്നതിനാൽ പോലീസ് വാഹനത്തിന് സമീപം എത്തുകയായിരുന്നു. കാറിന്റെ മുൻ സീറ്റിലാണ് യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പുറപ്പെട്ടപ്പോൾ ദീപുവിന്റെ കൈവശം 10 ലക്ഷം രൂപയോളം ഉണ്ടായിരുന്നു.