29 in Thiruvananthapuram
TV Next News > News > Blog > തെലങ്കാനയില്‍ റെഡ്ഡിയുടെ കരുനീക്കങ്ങള്‍ തുടരുന്നു: കോണ്‍ഗ്രസില്‍ ചേർന്നത് 6 ബിആർഎസ് എംഎല്‍എമാർ

തെലങ്കാനയില്‍ റെഡ്ഡിയുടെ കരുനീക്കങ്ങള്‍ തുടരുന്നു: കോണ്‍ഗ്രസില്‍ ചേർന്നത് 6 ബിആർഎസ് എംഎല്‍എമാർ

Posted by: TV Next June 29, 2024 No Comments

തെലങ്കാന: തെലങ്കാനയില്‍ ബി ആർ എസില്‍ നിന്നും കോണ്‍ഗ്രസിലേക്കുള്ള ഒഴുക്ക് തുടരുന്നു. പാർട്ടി പ്രവർത്തകർക്കും നേതാക്കള്‍ക്കും പുറമെ എം എല്‍ എമാരും വലിയ തോതില്‍ കോണ്‍ഗ്രസിലേക്ക് എത്തുകയാണ്. ചെവെല്ലയിൽ നിന്നുള്ള എം എൽ എ കാലെ യാദയ്യയാണ് ബി ആർ എസ് വിട്ട് അവസാനമായി കോണ്‍ഗ്രസില്‍ ചേർന്ന ജനപ്രതിനിധി. വെള്ളിയാഴ്ച വൈകീട്ടായിരുന്നു ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേർന്നത്.


മുഖ്യമന്ത്രിയും പി സി സി പ്രസിഡൻ്റുമായ എ രേവന്ത് റെഡ്ഡി, തെലങ്കാനയിലെ പാർട്ടി കാര്യങ്ങളുടെ എ ഐ സി സി ചുമതലയുള്ള ദീപ ദാസ് മുൻസി, ഡൽഹിയിലെ മറ്റ് നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ചെവെല്ല യാദയ്യ ഭരണകക്ഷിയിൽ ചേർന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റ ശേഷം കോൺഗ്രസിലേക്ക് മാറുന്ന ആറാമത്തെ ബി ആർ എസ് എം എൽ എയാണ് ചെവെല്ല യാദയ്യ.

 

ജൂൺ 23 ന് ജഗ്തിയാൽ എം എൽ എ സഞ്ജയ് കുമാർ കോൺഗ്രസിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് ചെവെല്ല യാദയ്യയും കൂറുമാറുന്നത്. നേരത്തെ ബി ആർ എസ് എം എൽ എമാരായ പോചരം ശ്രീനിവാസ് റെഡ്ഡി, കഡിയം ശ്രീഹരി, ദാനം നാഗേന്ദർ, തെല്ലം വെങ്കട്ട് റാവു എന്നിവരും കോണ്‍ഗ്രസിലേക്ക് എത്തിയിരുന്നു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നീക്കങ്ങളാണ് ഇവരെ കോണ്‍ഗ്രസിലേക്ക് എത്തിച്ചത്.

 

 

ബി ആർ എസ് എം എൽ എമാർ കോൺഗ്രസിലേക്ക് മാറുന്നതില്‍ വലിയ കാര്യമില്ലെന്നായിരുന്നു ബി ആർ എസ് വർക്കിംഗ് പ്രസിഡൻ്റ് കെ ടി രാമ റാവുവിന്റെ പ്രതികരണം. മുമ്പ് കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ തൻറെ പാർട്ടി സമാനമായ കൂറുമാറ്റങ്ങൾ കണ്ടിട്ടുണ്ടെന്നും ഒടുവിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

 

എന്നാൽ, വ്യാഴാഴ്ച ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച രേവന്ത് റെഡ്ഡി, അധികാരത്തിലിരിക്കുമ്പോൾ കൂറുമാറ്റങ്ങളെ പ്രോത്സാഹിപ്പിച്ചതിന് ബി ആർ എസിനെ കടന്നാക്രമിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ ആകെയുള്ള 119 നിയമസഭാ സീറ്റുകളിൽ 39 എണ്ണം ബി ആർ എസ് നേടിയപ്പോൾ 64 സീറ്റുകളോടെ കോൺഗ്രസ് അധികാരത്തിലെത്തി. കുറുമാറ്റങ്ങളോടെ കോണ്‍ഗ്രസ് അംഗബലം 70 ലേക്ക് ഉയർന്നു.

 

ഇതിനിടെ സെക്കന്തരാബാദ് കൻ്റോൺമെൻ്റിൽ നിന്നുള്ള ബി ആർ എസ് എം എൽ എ ജി ലാസ്യ നന്ദിത ഈ വർഷം ആദ്യം ഒരു വാഹനാപകടത്തിൽ മരണപ്പെടുകയും ചെയ്തിരുന്നു.