ബെംഗളൂരു: കനത്ത മഴയിലും കാറ്റിലും മേയ് 6 നും 12 നും ഇടയിൽ ബെംഗളൂരുവിൽ ആയിരത്തിലധികം മരങ്ങൾ കടപുഴകി വീണു. എന്നാൽ ഇവ ഉടനടി നീക്കം ചെയ്യാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ വീണുകിടക്കുന്ന ശാഖകളും തടിയും ഫോറസ്റ്റ് ഡിപ്പോയിലേക്ക് കൊണ്ടുപോകാതെ അവിടെ വെച്ച് തന്നെ വിൽക്കാൻ ആണ് ബി ബി എം പി ആലോചിക്കുന്നത്. മരക്കൊമ്പുകൾ റോഡിൽ തടസ്സം സൃഷിക്കുന്നത് തടയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
അത് കൊണ്ട് കടപുഴകി വീണ മരങ്ങളുടെ ശിഖരങ്ങൾ, തടി എന്നിവ സ്ഥലത്ത് നിന്നും പൊതു ലേലത്തിലൂടെ വിൽക്കാൻ അനുവദിക്കണമെന്ന് ബി ബി എം പി ഫോറസ്റ്റ് വിംഗ് ഉദ്യോഗസ്ഥർ ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥിനോട് അനുമതി തേടിയിട്ടുണ്ട്.
മേയിൽ ആദ്യ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ മരം വീണതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെത്തുടർന്ന് 39 സംഘങ്ങൾ ദ്രുതഗതിയിൽ പ്രവർത്തിക്കുകയും റോഡുകളും നടപ്പാതകളും ഗതാഗതത്തിനും ആളുകൾക്ക് സഞ്ചരിക്കുവാനും സൗകര്യത്തിനായി ശിഖരങ്ങളും ചില്ലകളും വെട്ടിമാറ്റിയതായി ബി ബി എം പി അധികൃതർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ സാധാരണയായി നിയുക്ത ഡിപ്പോകളിലേക്കോ ഡമ്പിംഗ് യാർഡുകളിലേക്കോ കൊണ്ടുപോകുന്നതിനായി റോഡരികിൽ ശാഖകളും തടിയും സൂക്ഷിക്കുന്നു. അറുത്ത തടികൾ ഡംപിംഗ് യാർഡുകളിലേക്ക് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാണ് – നഗരത്തിൽ അത്തരം എട്ട് യാർഡുകൾ ഉണ്ട്. ഒരാഴ്ച്ചയ്ക്കുള്ളിൽ 1000 മരങ്ങൾ കടപുഴകി വീഴുമ്പോൾ കാെണ്ടുപോകുന്നത് ബുദ്ധിമുട്ടാണ്. അതിനാൽ അത് സ്ഥലത്ത് വെച്ച് തന്നെ വിൽക്കാനാണ് പദ്ധതി, ബി ബി എം പി ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്). ബി എൽ ജി സ്വാമി പറഞ്ഞു. ട്രങ്ക് ക്ലിയറൻസ് നിരക്ക് വളരെ കുറവാണ്, ബി ബി എംപി എട്ട് ട്രാക്ടറുകൾ വിന്യസിച്ചിട്ടുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.