25 in Thiruvananthapuram

പ്രതിപക്ഷ സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന്; ഡയസ്‌നോൺ ഉൾപ്പെടെ കടുത്ത നടപടിയുമായി സർക്കാർ

9 months ago
TV Next
79

തിരുവനന്തപുരം: ഡിഎ കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ പണിമുടക്ക് സമരം ഇന്ന്. യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകളും ബിജെപി അനുകൂല സംഘടന ഫെറ്റോയും ഉൾപ്പടെയുള്ളവരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. അടിയന്തര സാഹചര്യത്തിലല്ലാത്ത അവധികൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ സമരം നേരിടാൻ ഡയസ്നോൺ ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്.


ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കുക, സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

സെക്രട്ടേറിയറ്റ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്‌മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നേരത്തെ അറിയിച്ചിരുന്നു. ഒരു വിഭാഗം അധ്യാപകരും സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ സർക്കാർ ഓഫീസുകളുടെയും, സ്‌കൂളുകളുടെയും ഒക്കെ പ്രവർത്തനം അവതാളത്തിലാകും എന്നാണ് കരുതുന്നത്. എന്നാൽ അധ്യാപകരും ഇതര സർക്കാർ ജീവനക്കാരും നടത്തുന്ന പണിമുടക്കിനെതിരെ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നു. പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ചീഫ് സെക്രട്ടറി ഡോ. വേണു വി ഇത് സംബന്ധിച്ച ഡയസ്നോൺ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ്‌നോണായി കണക്കാക്കുമെന്നാണ് പൊതുഭരണ വകുപ്പ് ചീഫ് സെക്രട്ടറി ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.


അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അടിയന്ത സാഹചര്യങ്ങൾ അല്ലാത്തപക്ഷം അവധി അനുവദിക്കരുതെന്ന് സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. ഇന്നത്തെ ദിവസം ജോലിക്ക് ഹാജരാകാതെ പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം കുറവ് ചെയ്യുമെന്നും ഉത്തരവിലുണ്ട്.

 


അതേസമയം, സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകാനുള്ള വിവിധ കുടിശ്ശികകളുടെ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 7973.50 കോടിയാണ് ജീവനക്കാർക്കുള്ള ഡിഎ കുടിശ്ശിക. പെൻഷൻകാർക്കുള്ള ഡിഎ കുടിശ്ശിക 4722.63 കോടിയാണ്. പേ റിവിഷൻ കുടിശ്ശികയിനത്തിൽ ജീവനക്കാർക്ക് 4000 കോടി നൽകാനുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ സമർപ്പിച്ച കണക്കുകളാണിത്.

Leave a Reply