29 in Thiruvananthapuram

ഒഡീഷയില്‍ ബിജെഡി-ബിജെപി സഖ്യമില്ല: ലോക്സഭ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ ബിജെപി

7 months ago
TV Next
48

Published: Sunday, December 31, 2023

പാട്ന: മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ബിജു ജനതാദളുമായി ഒഡീഷയിൽ വരാനിരിക്കുന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ സഖ്യമുണ്ടാക്കില്ലെന്ന് ബിജെപി. ശനിയാഴ്ച ഭുവനേശ്വറിൽ നടന്ന ഒഡീഷ ബിജെപി ഭാരവാഹികളുടെ യോഗത്തിന് ശേഷം സംസ്ഥാനത്തെ 147 നിയമസഭാ മണ്ഡലങ്ങളിലും 21 ലോക്‌സഭാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്നും പാർട്ടി നേതാക്കള്‍ അറിയിച്ചു.

ഒഡീഷയിൽ ബി ജെ ഡിയുമായി സഖ്യത്തിനോ ധാരണക്കോ സാധ്യതയില്ലെന്ന് ബി ജെ പിയുടെ സംസ്ഥാന നിരീക്ഷകൻ സുനിൽ ബൻസാലും പരസ്യമായി വ്യക്തമായി. “സഖ്യത്തെക്കുറിച്ച് മനഃപൂർവം ഒരു പ്രതീതി സൃഷ്ടിക്കപ്പെടുന്നു. ബിജെപി സ്വന്തം ശക്തിയിൽ ശക്തമായി പോരാടും… വലിയ പോരാട്ടത്തിന് തയ്യാറാണെന്ന് കേന്ദ്ര നേതാക്കൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്,” ബിജെപി ദേശീയ വക്താവും ഭുവനേശ്വർ എംപിയുമായ അപരാജിത സാരംഗി മാധ്യമപ്രവർത്തകരോട് പറഞ്ഞു.


വെള്ളിയാഴ്ച, ബിജെപിയുടെ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള മാർഗരേഖ ചർച്ച ചെയ്യുന്നതിനായി മുതിർന്ന സംസ്ഥാന പാർട്ടി നേതാക്കളുമായി നിരന്തരം യോഗങ്ങള്‍ ചേരുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാർ എന്നിവരുൾപ്പെടെയുള്ള കേന്ദ്ര നേതാക്കളുടെ നേതൃത്വത്തിൽ ബിജെഡിക്കെതിരെ പാർട്ടി സമ്പൂർണ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത ബിജെപി നേതാക്കൾ പറഞ്ഞു.

 


ഒഡീഷയിലെ പ്രധാന പ്രതിപക്ഷ പാർട്ടി ബിജെപി ആണെങ്കിലും കേന്ദ്രത്തിൽ ഇരു പാർട്ടികളുടെയും നേതൃത്വങ്ങൾ സൗഹാർദ്ദപരമായ ബന്ധമാണ് പുലർത്തുന്നത്. പാർലമെന്റിൽ നിർണായക ബില്ലുകൾ പാസാക്കുന്ന സമയത്തടക്കം നിരവധി വിഷയങ്ങളിൽ ബിജെഡി മോദി സർക്കാരിന് പിന്തുണ നൽകി. ഓഗസ്റ്റിൽ സംസ്ഥാനം സന്ദർശിച്ചപ്പോൾ മുഖ്യമന്ത്രി പട്‌നായിക്കിനെ “ജനപ്രിയ” മുഖ്യമന്ത്രിയായിട്ടാണ് ഷാ പ്രശംസിച്ചത്. സെപ്റ്റംബറിൽ ഭുവനേശ്വറിൽ നടന്ന ഒരു പരിപാടിയിൽ മോദിക്ക് 10 ൽ 8 റേറ്റിംഗ് നൽകി പട്‌നായിക് പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളേയും പ്രശംസിച്ചു. ഇതോടെ, 1998 മുതൽ 2009 വരെ ഏകദേശം 11 വർഷത്തോളം സഖ്യകക്ഷികളായിരുന്ന ഇരുപാർട്ടികളും തമ്മിലുള്ള സഖ്യസാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. വിവിധ വിഷയങ്ങളിൽ ബിജെഡിയോടുള്ള നിലപാട് ബിജെപി കേന്ദ്രനേതൃത്വവും മയപ്പെടുത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് നാല് മുതൽ അഞ്ച് വരെ പാർലമെന്ററി സെഗ്‌മെന്റുകൾ ഉൾപ്പെടുന്ന നിരവധി ക്ലസ്റ്ററുകളായി പാർട്ടി സംസ്ഥാനത്തെ വിഭജിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ മൻമോഹൻ സമൽ പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തിലും 50 ശതമാനത്തിലധികം വോട്ട് നേടാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

“മോദി സർക്കാരിന്റെ നേട്ടങ്ങളെയും പദ്ധതികളെയും കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും വിവിധ വിഷയങ്ങളിൽ ബിജെഡി സർക്കാരിന്റെ പരാജയം ഉയർത്തിക്കാട്ടുന്നതിനുമായി ഞങ്ങളുടെ പ്രവർത്തകർ സംസ്ഥാനത്തെ എല്ലാ വീടുകളിലും എത്തിക്കുന്നതിന്റെ ഭാഗമായി ഞങ്ങൾ രണ്ട് മാസത്തെ കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.” സമൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Leave a Reply