28 in Thiruvananthapuram

‘കെഎസ്ആര്‍ടിസി ലാഭത്തിലാക്കാൻ കഴിയില്ല, അപകടാവസ്ഥയിൽനിന്ന് കരകയറ്റാന്‍ ശ്രമിക്കും’; കെബി ഗണേഷ് കുമാർ…

11 months ago
TV Next
190

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ പുതിയ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്‌ത ശേഷം ആദ്യമായി പ്രതികരിച്ച് ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും. കെഎസ്ആർടിസിയെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റുമെന്ന പറഞ്ഞ ഗണേഷ് കുമാർ പ്രതിപക്ഷ പ്രതിഷേധത്തെ ശക്തമായ ഭാഷയിൽ തള്ളിപ്പറഞ്ഞു. ഏത് വകുപ്പായാലും സത്യസന്ധമായി കൈകാര്യം ചെയ്യുമെന്നായിരുന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.

കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയില്‍നിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്ന് മന്ത്രി ഗണേഷ്‌കുമാർ പ്രഖ്യാപിച്ചു. അതിന് കഴിയുമെന്ന നല്ല പ്രതീക്ഷയുണ്ട്. തൊഴിലാളികളും യൂനിയനുകളും സഹകരിക്കുമെന്നാണ് പ്രതീക്ഷ. ഓട്ടോ മൊബൈല്‍ കാര്യങ്ങളില്‍ താൽപര്യമുള്ള വ്യക്തിയായതിനാല്‍ തന്നെ പരിഷ്‌കരണങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുമെന്നും ഒന്നും വെച്ച് താമസിപ്പിക്കില്ലെന്നും പത്തനാപുരം എംഎൽഎ കൂടിയായ ഗണേഷ് വ്യക്തമാക്കി.

രണ്ടരവര്‍ഷമാണ് ഇനി ബാക്കിയുള്ളത്. അതിനുള്ളില്‍ നല്ലകാര്യങ്ങള്‍ ചെയ്‌ത്‌ സര്‍ക്കാരിന് സല്‍പ്പേരുണ്ടാക്കാന്‍ ശ്രമിക്കും. കാര്യങ്ങൾ പഠിക്കാന്‍ ഒരാഴ്‌ച സമയം വേണമെന്നും കമ്പ്യൂട്ടറൈസേഷന്‍ ഉള്‍പ്പെടെയുള്ളവ ഉടൻ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനും, കോൺഗ്രസ് ആരോപണങ്ങൾക്കും എതിരെ ഗണേഷ് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

തനിക്കെതിരെ കോണ്‍ഗ്രസ് കൊടുത്ത കേസില്‍ അവരില്‍ പലരുമാണ് കുറ്റക്കാര്‍. പുറകെ നടന്ന് ഉപദ്രവിക്കുന്ന രീതി തനിക്കില്ല. തന്നെ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷ നയം എന്തിനാണെന്ന് മനസിലാകുന്നില്ല. കോണ്‍ഗ്രസുകാര്‍ കള്ളസാക്ഷി പറഞ്ഞ കേസാണ് കോടതിയിലുള്ളത്. എല്ലാം കാലം തെളിയിക്കുമെന്നും കെബി ഗണേഷ് കുമാര്‍ കൂട്ടിച്ചേർത്തു. അതേസമയം, ഇന്ന് വൈകീട്ട് രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് കേരള കോൺഗ്രസ് ബി നേതാവായ കെബി ഗണേഷ്‌ കുമാറും, കോൺഗ്രസ് എസ് നേതാവായ കടന്നപ്പള്ളി രാമചന്ദ്രനും ഇടതുപക്ഷ സർക്കാരിൽ അംഗങ്ങളായത്. ഇരുവരും മന്ത്രിയാവുന്നത് ആദ്യമായല്ല. ആന്റണി രാജു കൈകാര്യം ചെയ്‌തിരുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും, അഹമ്മദ് ദേവർകോവിൽ ചുമതല നിർവഹിച്ചിരുന്ന രജിസ്ട്രേഷൻ, പുരാവസ്‌തു, മ്യൂസിയം വകുപ്പുകൾ കടന്നപ്പള്ളിക്കും നൽകാനാണ് മുന്നണി തീരുമാനം.

നേരത്ത ഗണേഷ് കുമാർ സിനിമ വകുപ്പ് കൂടി ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിച്ചിരുന്നില്ല. നിലവിൽ സിപിഎം ആണ് ഇത് കൈകാര്യം ചെയ്യുന്നത്, സജി ചെറിയാനാണ് ചുമതല. അതേസമയം, അഹമ്മദ് ദേവർകോവിൽ കൈകാര്യം ചെയ്‌തിരുന്നവയിൽ തുറമുഖ വകുപ്പിന്റെ ചുമതല കടന്നപ്പള്ളിക്ക് നൽകിയില്ല എന്നതും ശ്രദ്ധേയമാണ്. വിഎൻ വാസവന് അധിക ചുമതലയായി ഈ വകുപ്പ് നൽകാനാണ് തീരുമാനം.

Saturday, December 30, 2023

Leave a Reply